തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. രോഗി പരിചരണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റൗണ്ട്സ് നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. അഞ്ച് ദിവസമായി മുറിവ് ഡ്രസ് ചെയ്തില്ലെന്നും രോഗിയുടെ ബന്ധുക്കളുടെ പരാതികളോട് മാന്യമായ സമീപനം പുലര്‍ത്തിയില്ലെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദ് കഴിഞ്ഞ മാസം 28-ന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കാലിലെ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കമ്പി ഘടിപ്പിച്ചിരുന്നു. പിന്നീട് ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിവില്‍ പുഴുവരിച്ചതായി കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.



