മെഡിക്കൽ കോളെജിൽ ചികൽസയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ചികിൽസാ ആവശ്യത്തിനായി വിദേശത്തുനിന്ന് മരുന്നുകൾ എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളെജ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുപേർ രോഗബാധിതരായി മരിച്ചു. നിലവിൽ പത്തുപേർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്, ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴ്, 12 വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരുകുട്ടിയെയും സംശയാസ്പപദമായ നിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്പേടിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത അനിവാര്യമാണ് എന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ അറിയിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക ബോധവത്കരണ ക്യാമ്പയ്നുകൾ നടത്തും. അമീബാ കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും ശുചിത്വവും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച പരിശീലനം നൽകും.
ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ ചാടൽ, മുങ്ങൽ ഒഴിവാക്കുക.
നീന്തുൾ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.
ജലാശയങ്ങളിൽ ചെളി കുഴിക്കൽ, കലക്കൽ എന്നിവ ഒഴിവാക്കുക.
നീന്തൽക്കുളങ്ങളും വാട്ടർ തീം പാർക്കുകളും ക്ലോറിനേറ്റ് ചെയ്് ശുചിത്വം പാലിക്കുക.
തിളപ്പിക്കാത്ത വെള്ളം മൂക്കിൽ ഒഴിക്കരുത്.
പൊതു ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നത് ഒഴിവാക്കണം.
കുടിവെള്ള ടാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കണം.



