Wednesday, April 30, 2025
Homeകേരളം‘ആലപ്പുഴയിലെ നടുക്കം തീരുന്നതിന് മുന്നേ നാല് കുഞ്ഞുങ്ങൾ കൂടി’; ഇതിനൊക്കെ കാരണം ബോധവൽക്കരണത്തിന്‍റെ കുറവല്ല, ഡ്രൈവർമാരുടെ...

‘ആലപ്പുഴയിലെ നടുക്കം തീരുന്നതിന് മുന്നേ നാല് കുഞ്ഞുങ്ങൾ കൂടി’; ഇതിനൊക്കെ കാരണം ബോധവൽക്കരണത്തിന്‍റെ കുറവല്ല, ഡ്രൈവർമാരുടെ മര്യാദകേട് കൊണ്ടുകൂടിയാണ്: കെജെ ജേക്കബ്.

നാലു കുഞ്ഞുങ്ങളുടെ ജീവൻ കൂടി പൊലിഞ്ഞെന്നും കേരളത്തിൽ ഇത്തരം അപകടങ്ങൾ നടക്കുന്നത് ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടുമാത്രമല്ല, മര്യാദകേട് കൊണ്ടുകൂടിയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്. ആലപ്പുഴ ക‍ളർകോട് ആറു മെഡിക്കൽ വിദ്യാർഥികൾ മരിച്ച അപകടത്തിന്‍റെ നോവു മാറും മുമ്പേ പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞു കയറി 4 വിദ്യാർത്ഥിനികൾ കൂടി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് റോഡപകടങ്ങളുടെ പിന്നിലെ കാരണങ്ങൾ വിലകലനം ചെയ്ത് കെജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചത്.

പത്തുകൊല്ലം മുൻപ് അധികാരമേറ്റെടുക്കുമ്പോൾ അപകട മരണ നിരക്ക് പകുതിയായി കുറയ്ക്കണം എന്നൊരു ലക്ഷ്യം മുന്നോട്ട് വച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പരാജയപ്പെട്ടതിനെയും പോസ്റ്റിൽ എടുത്തു പറയുന്നുണ്ട്. പക്ഷെ സർക്കാർ റോഡ് നിയമങ്ങൾ കർശനമാക്കണമെന്നും ഒരു വിഭാഗം മാധ്യമങ്ങൾ എരികേറ്റാനുണ്ടാകും അത് അവഗണിച്ചു കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നാലു കുഞ്ഞുങ്ങൾ കൂടി. ആലപ്പുഴയിലെ നടുക്കം തീർന്നിട്ടില്ല. ഇന്നലെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ ഒരു കാര്യം പറഞ്ഞു: പത്തുകൊല്ലം മുൻപ് അധികാരമേറ്റെടുക്കുമ്പോൾ അപകട മരണ നിരക്ക് പകുതിയായി കുറയ്ക്കണം എന്നൊരു ലക്‌ഷ്യം താൻ വച്ചിരുന്നു. അത് അമ്പേ പാളിപ്പോയി. കുറഞ്ഞില്ല, പകരം കൂടി. അത് സമ്മതിക്കാൻ താൻ തയ്യാറാണ്. അന്താരാഷ്ട്രവേദികളിൽ റോഡ് സുരക്ഷ ചർച്ച ചെയ്യുമ്പോൾ താനിപ്പോൾ തലകുനിച്ചിരിക്കാറാണ് പതിവ്. ഒന്നേമുക്കാൽ ലക്ഷം പേരാണ് ഒരു കൊല്ലം രാജ്യത്ത് വഴിയിൽ കൊല്ലപ്പെടുന്നത്. അതുകൊണ്ടു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണം മെമ്പര്മാരടക്കം എല്ലാവരും ഏറ്റെടുക്കണം. കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കണം, നിയമങ്ങൾ കർശനമായി നടപ്പാക്കണം. സ്പീക്കർ ഓം ബിർളയും ചർച്ചയിൽ ഇടപെട്ടു എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാകണം എന്നഭ്യർത്ഥിച്ചു.

കേരളത്തിൽ ഇതൊക്കെ നടക്കുന്നത് ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടുമാത്രമല്ല, മര്യാദകേടുകൊണ്ടുകൂടിയാണ്. ബോധവൽക്കരണം നടക്കട്ടെ. പക്ഷെ സർക്കാർ റോഡ് നിയമങ്ങൾ കർശനമാക്കണം. കുറ്റക്കാരെ നിർദ്ദാക്ഷിണ്യം ശിക്ഷിക്കണം. ഇപ്പോഴുള്ള ക്യാമറകൾ കൊണ്ട് ഒന്നുമാകുന്നില്ലെങ്കിൽ കൂടുതൽ ക്യാമറകൾ വയ്ക്കണം; കേട്ടാൽ പേടിക്കുന്ന പിഴ ഈടാക്കണം. വഴിയിലിറങ്ങി തോന്ന്യാസം കാണിച്ചാൽ പിടിക്കപ്പെടും എന്നുറപ്പുവരുത്തണം. അപ്പോൾ ഇറങ്ങും കുറെക്കൂട്ടർ.

പണ്ട് ഹെൽമെറ്റ് നിര്ബന്ധമാക്കിയപ്പോൾ തലയിൽ തണ്ണിമത്തന്റെ തോട് വച്ച് പ്രകടനം നടത്തിയവർ തുടങ്ങി ക്യാമറയിൽ കുട്ടവെച്ചവർ വരെയുള്ള കുത്തിക്കഴപ്പുകാർ. സർക്കാരിനും മന്ത്രിമാർക്കും പണം ധൂർത്തടിക്കാനാണ് പിഴയീടാക്കുന്നത് എന്ന് പറഞ്ഞു വൻ പ്രചാരണം നടക്കും. ആദ്യം റോഡ് നന്നാക്കൂ അതുകഴിഞ്ഞു മതി റോഡ് നിയമങ്ങൾ നടപ്പാക്കുന്നത് എന്നും പറഞ്ഞുകളയും. ഒരു വിഭാഗം മാധ്യമങ്ങൾ എരികേറ്റാനുണ്ടാകും. സാരമില്ല എന്ന് വെച്ചേക്കണം.ഇങ്ങിനെ വഴിയിൽ കൊന്നുകളയാനല്ല അമ്മമാർ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്നുമാത്രം പറയുക.
അമ്മമാർക്ക് മനസിലാകും.
അതുമതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ