തിരൂർ; പ്രണയബന്ധത്തിൽനിന്ന് യുവാവിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊട്ടേഷൻ നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ടുതൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അർധരാത്രിയിൽ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതികൾ ഒത്തുചേർന്ന സ്ഥലത്തെത്തിച്ച് കാറിൽ കയറ്റി ക്രൂരമായി മർദിച്ചു. മൊബൈൽ ഫോണും കവർന്ന ശേഷം താഴെപ്പാലം പുഴയോരത്ത് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
യുവാവ് ഉടൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പുലർച്ചെ തിരൂർ താഴെപ്പാലത്തുനിന്ന് അഞ്ചുപേരെയും പിടികൂടിയത്.
പിടിയിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് കേസിൽ നേരത്തെ റിമാൻഡിലായവരാണ്. തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



