Saturday, October 17, 2026
Homeകേരളംപ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് സർക്കാർ.

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് സർക്കാർ.

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിശോധിച്ച് ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ. എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫാണ് സമിതി കൺവീനർ.

അതേസമയം, പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണ്. പദ്ധതി നടപ്പാക്കിയതിലൂടെ നാല് മാസം കൊണ്ട് സ്വകാര്യ ബസ് മേഖലയ്ക്ക് 800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ സംഘടനകളുടെ വാദം.

നവംബർ 3 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത പ്രഖ്യാപനം. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലും നടപ്പാക്കുക, ബസുകളുടെ മിനിമം നിരക്ക് 15 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് മിനിമം നിരക്കിന്റെ പകുതിയെങ്കിലും ആക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.

പദ്മകുമാർ സമിതിയുടെ നിർദേശങ്ങളിൽ സർക്കാർ ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആക്ഷേപം. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് സർവീസുകളുടെ വരുമാനത്തെ ബാധിക്കുന്ന സാഹചര്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

പുതിയ പഠനസമിതി രൂപീകരിച്ച സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും. ആറാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, അതിനുമുമ്പ് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ ഇടപെടുമോയെന്നാണ് ഇനി അറിയേണ്ടത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ