Saturday, April 20, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 20| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 20| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മറ്റുള്ളവരുടെ വളർച്ചയ്ക്കു നാം തടസ്സമാവരുത്
————————————————————————————

കർഷക പുരസ്കാരം നേടിയയൊരു കർഷകൻ, ആ വർഷം മത്തങ്ങ കൃഷി ചെയ്യാൻ തീരുമാനിച്ചു. ഒരു ദിവസം മത്തച്ചെടികളുടെയിടയിൽ നിൽക്കുമ്പോൾ, ഒരു വളളിയിൽ ചെറിയ ഒരു മത്തങ്ങ അയാൾ കണ്ടു.
കർഷകനു വീണ്ടുമൊരു പുരസ്ക്കാര സാദ്ധ്യതമനസ്സിൽ ഉദിച്ചു.

അയാൾ മത്തങ്ങ,വള്ളിയോടെ ഒരു മൺ കുടത്തിനുള്ളിലാക്കി. കുടത്തിനുള്ളിൽ മത്തങ്ങ, തിങ്ങി നിറഞ്ഞു വളർന്നു. പാകമായപ്പോൾ, അയാൾ മത്തങ്ങ മുറിച്ചെടുത്തു, വിധി നിർണ്ണായ സമതിയുടെ മുൻപിൽ ഹാജരാക്കി. കുടത്തിൻ്റെ രൂപത്തിലാക്കിയെടുത്ത മത്തങ്ങയെയോർത്തു, അഭിമാനത്തോടെ നിന്ന കർഷകനു സമതി അയോഗ്യത കല്പിച്ചു.

അവരുടെ വിധിന്യായമിങ്ങനെയായിരുന്നു വളർന്നു വലുതാകാൻ സാദ്ധ്യതയുള്ളയൊന്നിനെയും കുടത്തിനുള്ളിലാക്കി, നശിപ്പിക്കരുത്.

മറ്റുള്ളവരുടെ വളർച്ചയെ തടയാൻ നമുക്ക് ഇടയാകരുത്. നമ്മുടെ വളർച്ച പോലെ പ്രധാനപ്പെട്ടതാണ്, മറ്റുള്ളവരുടെ വളർച്ചയും. എല്ലാ ജീവികൾക്കും വസ്തുക്കൾക്കും, അവയുടേതായ രൂപവും, ഭാവവും, ഭംഗിയും സാദ്ധ്യതകളുമുണ്ട്. അവയെ സ്വന്തം ഇഷടങ്ങളിലേക്കൊതുക്കി, നമ്മുടെ കൗതുക വസ്തുക്കളാക്കി മാറ്റരുത്. നമ്മുടെ കൗതുകങ്ങളിൽ നിന്ന്, മറ്റുള്ളവരുടെ തേങ്ങലുകൾ ഉയരാൻ ഒരിക്കലും ഇടയാകരുത്.

ഒരാളുടെ ജീവിതത്തോടു നമുക്കു ചെയ്യാൻ കഴിയുന്ന, ഏറ്റവും വലിയ നീതി, അയാളുടെ വളർച്ചയ്ക്കു സഹായകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊടുക്കുകയാണ്. അഥവാ അതിനു കഴിഞ്ഞില്ലെങ്കിലും, അയാളുടെ വളർച്ചയെ മുരടിപ്പിക്കുന്നതൊന്നും ചെയ്യാതിരിക്കുകയെങ്കിലും വേണം.

“ഒരാൾ സ്വന്ത ഗുണമല്ല, മറ്റുള്ളവരുടെ ഗുണവും കൂടി നോക്കണം”മെന്നാണ് വേദ വാക്യം. അതിനു കഴിയണമെങ്കിൽ നമ്മിൽ ദൈവീകത വളരേണ്ടത് ആവശ്യമാണ്. മനോഭാവ മാറ്റമുണ്ടാകേണ്ടതാവശ്യമാണു.

ദൈവം അതിനു നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments