Monday, April 22, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 19| തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 19| തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തളർന്നാലും തകരാനിടയാകരുത്
———————————————————-

ധനാഢ്യനായ ഒരറബി, ലക്ഷങ്ങൾ കൊടുത്തു, രണ്ടു പ്രാപ്പിടിയന്മാരെ വാങ്ങി. പക്ഷെയെത്ര ശ്രമിച്ചിട്ടും, ഒരു പ്രാപ്പിടിയൻ മാത്രം പറക്കുന്നില്ല. കൂടു തുറന്നാൽ, അതു തൊട്ടടുത്തുള്ള ഒരു മരക്കൊമ്പിൽ പോയിരിക്കും. ഒട്ടേറെ പക്ഷി പരിശീലകരും ഗവേഷകരുമെല്ലാം വന്നിട്ടും, ഒരു പ്രയോജനവുമുണ്ടായില്ല. ഒടുവിൽ, അവസാന ശ്രമമെന്ന നിലയിൽ, അയാൾ ഒരു കർഷകനെ ദൗത്യം ഏല്പിച്ചു. പുറത്തു പോയി തിരിച്ചു വന്ന അദ്ദേഹം അത്ഭുതപ്പെട്ടു പോയി. രണ്ടു പ്രാപ്പിടയന്മാരും പറന്നു നടക്കുന്നു. എങ്ങനെയിതു സാധിച്ചുവെന്ന അറബിയുടെ ചോദ്യത്തിനു,കർഷകൻ നൽകിയ മറുപടി, “ഞാനാ മരത്തിൻ്റെ കമ്പങ്ങു വെട്ടിക്കളഞ്ഞുവെന്നായിരുന്നു.

ശീലങ്ങൾ, ജോലി, സ്ഥാനം ഇവയിൽ ഏതിൻ്റെയെങ്കിലുമൊക്കെ മുകളിൽ അടയിരിക്കുന്നവരാണ്. മനുഷ്യർ ഭൂരിഭാഗവും. ഇഷ്ടമുള്ള എളുപ്പമുള്ള, സുഖകരമായ ജോലികൾ മാത്രം ചെയ്യും. അല്ലാത്തതു വർജ്ജിക്കും. ഞാനിതുവരെ ചെയ്തിട്ടില്ല, എനിക്കിതറിയത്തില്ല ന്യായീകരണമായി നൂറു കാരണങ്ങൾ അവർക്കു പറയാനുണ്ടാകും. ഇതു വരെ ഒരു കാര്യം ചെയ്തിട്ടില്ലെന്നു കരുതി, ഇനി ഒരിക്കലും അതു ചെയ്യാൻ പറ്റില്ലായെന്നുണ്ടോ, തോൽവിയറിഞ്ഞു വളരണം. എങ്കിലെ പോരാടാനുള്ള ആവേശമുണ്ടാകൂ. വീഴാനുള്ള ധൈര്യമുണ്ടാകണം. വീഴ്ചയിൽ നിന്നു മാത്രമേ, മുകളിലേക്കുയരാനുള്ള വീര്യമുണ്ടാകൂ.

ചില പഴഞ്ചൊല്ലുകളെങ്കിലും മാറ്റിയെഴുതപ്പെടണം. ഇരിക്കുന്ന കൊമ്പു മുറിക്കണം. അപ്പോൾ മനസ്സിലാകും, ആ കൊമ്പില്ലെങ്കിലും, ചിറകൊടിയുകയില്ലായെന്ന്. ബന്ധങ്ങൾ അവസാനിക്കുമ്പോഴും, ജോലി നഷ്ടപ്പെടുമ്പോഴും, രോഗം വരുമ്പോഴും, ജീവിതം അവസാനിപ്പിക്കുന്നവർ, സ്വന്തം ചിറകു വിരിക്കാത്തവരാണ്. തളർന്നു പോയാലും, തകരാനിടയാകരുത്. കിതച്ചാലും,കുതിച്ചു കൊണ്ടേയിരിക്കണം. അങ്ങനെയുള്ളവർക്കേ, വിജയകിരീടം അണിയാനാകൂകയുള്ളു,നമുക്കും അതിനാകട്ടെ.

ദൈവം സഹായിക്കട്ടെ.
എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്കാരം.🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments