Sunday, April 21, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 27| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 27| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പിടിച്ചു നിൽക്കാനാകണം
______________________

രണ്ടു തവളകൾ കടുത്ത വേനലിൽ അവർ കഴിഞ്ഞിരുന്ന കുളം വറ്റിയപ്പോൾ വെള്ളം അന്വേഷിച്ചിറങ്ങി. ഒരു വീടിനു മുമ്പിലിരുന്ന കലത്തിലേക്കവരെടുത്തു ചാടി. എന്നാലതിൽ വെള്ളമായിരുന്നില്ല തൈരായിരുന്നു.

നീന്തി പുറത്തു ചാടാൻ അവർ കുറേ നേരം ശ്രമിച്ചെങ്കിലും, കഴിഞ്ഞില്ല. ഒടുവിലൊരു തവള നിരാശനായി പറഞ്ഞു “എന്തു ചെയ്താലും ഫലമില്ല ഞാനിതാ വിട്ടിരിക്കുന്നു”ആ തവള തൈരിൽ മുങ്ങിച്ചത്തു. രണ്ടാമത്തവൻ തുടർന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതു നീന്തി, നീന്തി തൈരു പതുക്കെ വെണ്ണയായി. വെണ്ണയുടെ പുറത്തു ചവുട്ടി,ആ തവള പുറത്തേക്കു ചാടി രക്ഷപ്പെട്ടു.

അടിയറവു പറയുക എളുപ്പമാണ്. ഒന്നുകിൽ ഭയം കൊണ്ടു അല്ലെങ്കിൽ നിവൃത്തികേടു കൊണ്ടു. രണ്ടായാലും അതു, മനസ്സെടുക്കുന്ന തീരുമാനമാണു തോൽക്കുമെന്നു സ്വയം വിശ്വസിച്ചവരാരും ഇന്നുവരെ ജയിച്ചിട്ടില്ല. തോൽക്കില്ലെന്നു വാശി പിടിച്ചിട്ടുള്ളവരാരും ഇന്നുവരെ തോറ്റിട്ടുമില്ല. എത്ര പ്രോത്സാഹനം കിട്ടിയാലും ആത്മവിശ്വാസമില്ലാത്ത ആർക്കും ഒരു പ്രതിസന്ധിയേയും തരണം ചെയ്യാനാവില്ല.

നാം അകപ്പെടുന്ന സാഹചര്യങ്ങൾ അവ അനുകൂലമായാലും, പ്രതികൂലമായാലും, തനതു കഴിവും പ്രയത്നവും പുറത്തെടുത്തേ മതിയാകൂ. ഉടനടി പരിഹാരമുണ്ടാക്കുയെന്നതിനേക്കാൾ എളുപ്പമാണു പരിഹാരമുണ്ടാകുന്നതുവരെ പിടിച്ചു നിൽക്കുകയെന്നത്.

ഒരുമിച്ചുള്ള പോരാട്ടങ്ങളും പിടിച്ചു നിൽപ്പും താരതമ്യേന ആയാസ രഹിതമാണ്. എന്നാലൊറ്റയ്ക്കുള്ള പ്രതിരോധങ്ങൾക്കു കൂടുതൽ വീറും വാശിയും ആവശ്യമാണ്. കൂടെയുള്ളവരെല്ലാം, കീഴടങ്ങുന്നതും, വിടവാങ്ങുന്നതും കണ്ട് ഒറ്റപ്പെടുന്ന അവസ്ഥയിൽ, സ്വയം തളരാതെ നിൽക്കുകയാണ് അതിജീവനത്തിൻ്റെ ആദ്യ പാഠം. എന്തുവന്നാലും ഒരുകൈ നോക്കാൻ തീരുമാനിച്ചവർക്കു ബലമായി ആയിരം കൈകളുയരും. സാഹചര്യം അനുകൂലമല്ലെങ്കിൽ, അനുകൂലമായ സാഹചര്യങ്ങളുണ്ടാക്കിയടുക്കാൻ നാം ശ്രമിക്കണം. ഒരിക്കലും വിട്ടുകൊടുക്കരുതു പിടിച്ചു നിൽക്കണം.

സർവ്വേശ്വരൻ സഹായിക്കട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

Most Popular

Recent Comments