ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ജനുവരി 10-ന് തിരിച്ച് ജയിലിലെത്തണം. മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് പരോൾ കിട്ടുന്നത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് പരോൾ കിട്ടുന്നത്. പരോളിനും ജയിലിൽ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2024 ഡിസംബർ മുതൽ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയിൽ വകുപ്പ് അനുവദിച്ചത്.



