ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കത്തുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളാണ് ലേയിൽ സംഘർഷഭരിതമായത്.
സംഘര്‍ഷത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 70 പേര്‍ക്ക് സാരമായി പരിക്കേറ്റതായും വിവരമുണ്ട്. പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫീസിനും സിആർപിഎഫ് വാഹനത്തിനും തീയിട്ടു. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. കൂടുതലും യുവാക്കളാണ് സമരരംഗത്തുള്ളത്.
പരിസ്ഥിതി പ്രവര്‍ത്തകൻ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധമാണ് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നയിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലഡാക്കിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന ഘോഷയാത്ര, റാലി, മാർച്ച് എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. അതേസമയം സമാധാനത്തിന് ആഹ്വാനം ചെയ്ത് സോനം വാങ്ചുക് രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ലേയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ നടന്ന സമരത്തിനിടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പാവാത്ത സാഹചര്യത്തിലാണ് സമരം ശക്തമായത്. ആർട്ടിക്കിൾ 370 ന്‍റെ റദ്ദാക്കലോടെ 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരുന്നു.
ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറുകയും ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തിരുന്നു. ഇവിടം പൂർണ്ണ സംസ്ഥാനമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.



