ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് പരീക്ഷ ഇനിമുതൽ കഠിനമാകും. ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാൻ 75 ശതമാനം മാർക്ക് വേണം എന്നതുൾപ്പെടെ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ബുധനാഴ്ചയാണ് ഭേദഗതി സംബന്ധിച്ച കരട് ചട്ടം പുറത്തിറക്കിയത്. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ 30 മിനിറ്റെങ്കിലും നടത്താനും ഇത് പാസാവാനുള്ള മാർക്ക് 60 ൽ നിന്ന് 75 ശതമാനമാക്കാനുമാണ് നിർദേശം.
ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാൻ നിലവിൽ 60 ശതമാനം മാർക്ക് ആണ് വേണ്ടത്. ഇത് 75 ആക്കി ഉയർത്താനാണ് തീരുമാനം. അപേക്ഷകർ ടെസ്റ്റ് എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ‘സേഫ്-ഡ്രൈവിങ് ട്യൂട്ടോറിയൽ’ കാണേണ്ടതുണ്ട്. കൂടാതെ, ആധാർ വെരിഫിക്കേഷനിലൂടെ ഓൺലൈനിൽ ലഭ്യമാകുന്ന ചില സേവനങ്ങളുടെ ഫീസ് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കാർഡിലെ പേരും വിലാസവും മാറ്റുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു
വിവിധ ഓൺലൈൻ സേവനങ്ങളാകും സൗജന്യമാക്കുക. അന്തിമവിജ്ഞാപനം ഇറങ്ങിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനു ശേഷമേ അന്തിമവിജ്ഞാപനം ഇറങ്ങുകയുള്ളൂ.
ലൈസൻസിലെ പേരും വിലാസവും മാറ്റം വരുത്തുന്നതിലുൾപ്പെടെ വിവിധ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണം. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഇ- റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം.
വിലാസത്തിന് ആധാരമാക്കാവുന്ന രേഖയിൽനിന്ന് എൽഐസി പോളിസി ഒഴിവാക്കിയിട്ടുണ്ട്. ലൈസൻസുകൾ ലാമിനേറ്റ് ചെയ്‌തോ പിവിസി കാർഡായോ നൽകണമെന്നും ചട്ടം പറയുന്നു.



