ബെംഗളൂരുവിലെ യെല്ലപ്പ ഗാർഡൻ സ്വദേശിയായ മുബാറക് ബാഷ (40) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ഷാഹീന ബാബു, ഇവരുടെ കാമുകൻ നഹീം ഉദ്ദീൻ ഖുറേഷി, ഷാഹീനയുടെ അമ്മ ഹസീന ജാനു എന്നിവരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ ഒമ്പതിന് രാത്രിയാണ് മുബാറക് ബാഷയെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി പക്ഷാഘാതത്തെ തുടർന്ന് ഭാഗികമായി തളർന്ന് കിടപ്പിലായിരുന്നു ഇയാൾ. സ്വാഭാവിക മരണമാണെന്ന ധാരണയിലായിരുന്നു കുടുംബാംഗങ്ങൾ. എന്നാൽ, മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട മുബാറക്കിന്റെ സഹോദരന് സംശയം തോന്നിയതോടെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും മുഖത്തും കവിളിലും ജനനേന്ദ്രിയത്തിലും പരിക്കേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് അന്വേഷണം കൊലപാതക കേസാക്കി മാറ്റിയത്.
19 വർഷം മുമ്പായിരുന്നു മുബാറക്കിന്റെയും ഷാഹീനയുടെയും വിവാഹം. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ ഭർത്താവ് കിടപ്പിലായതോടെ പരിചരണച്ചുമതല മുഴുവൻ ഷാഹീനയ്ക്കായി. ഇതിനിടെ കുടുംബവുമായി അടുപ്പമുള്ള നഹീം ഉദ്ദീൻ ഖുറേഷി ഇവരെ സഹായിക്കാനെന്ന വ്യാജേന എത്തുകയും ഷാഹീനയുമായി പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും അമ്മയ്ക്കൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു
കിടന്നുറങ്ങുകയായിരുന്ന മുബാറക്കിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ചെറുത്തുനിന്നതോടെ പ്രതികൾ ക്രൂരമായി മർദ്ദിച്ചാണ് കൊലപാതകം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



