ഇന്ത്യൻ മോട്ടോർസ്പോർട്ട് ഇതിഹാസം ജഗത് നഞ്ജപ്പ ഇനി ഓർമ ഇന്ത്യൻ മോട്ടോർസ്പോർട്ട് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ റേസിംഗ് താരം മാലേതിറ ജഗത് നഞ്ജപ്പ (68) അന്തരിച്ചു. കർണാടകത്തിലെ കൊടഗു ജില്ലയിലെ വിരാജ്പേട്ട് താലൂക്കിലെ നൽവത്തോക്ലു സ്വദേശിയാണ് നഞ്ജപ്പ.
ഭാര്യ അനിതയുമൊത്ത് ഇന്ത്യൻ റേസിംഗ് രംഗത്ത് സജീവമായിരുന്ന നഞ്ജപ്പ 1980 കൾ മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി മോട്ടോർസൈക്കിൾ, കാർ റാലികളിൽ പങ്കെടുത്തിരുന്നു.
കേരളത്തിൽ നടന്നതുൾപ്പെടെ നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇരുവരും ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കി.
കൊടഗുവിൽ നിന്ന് ഇന്ത്യൻ മോട്ടോർസ്പോർട്ട് രംഗത്തേക്ക് ഉയർന്നുവന്ന ആദ്യകാല പ്രതിഭകളിൽ ഒരാളായാണ് നഞ്ജപ്പയെ കണക്കാക്കുന്നത്. ഇന്ത്യൻ മോട്ടോർസ്പോർട്ടിന് നൽകിയ സംഭാവനകളും റേസിംഗ് രംഗത്തെ നേട്ടങ്ങളും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു.
നഞ്ജപ്പയുടെ നിര്യാണത്തിൽ മോട്ടോർസ്പോർട്ട് രംഗത്തുള്ളവരും കൊടഗുവിലെ കായികപ്രേമികളും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സംഭാവനകളും മോട്ടോർ റേസിംഗ് രംഗത്തെ ഓർമ്മകളും എന്നും നിലനിൽക്കുമെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞു. ഞായറാഴ്ച മൈസൂരുവിലായിരുന്നു അന്ത്യം.



