Friday, October 23, 2026
Homeകേരളംപി. ദിവ്യയെ ബി ജെ പി യിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്: ദിവ്യ...

പി. ദിവ്യയെ ബി ജെ പി യിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്: ദിവ്യ നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കണ്ണൂർ: പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന സൂചന നല്‍കുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി സിപിഎം നേതാവ് പി.പി. ദിവ്യ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി.

ദിവ്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘അറക്കല്‍ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ’ എന്ന പരാമർശവും കൃഷ്ണദാസ് നടത്തി.

ഒരിക്കല്‍ ശരിയെന്ന് തോന്നിയ കാര്യം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന സന്ദേശമാണ് പി.പി. ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്. ഒരു കരയില്‍നിന്ന് മറുകരയിലെത്താൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും അത് ഉപേക്ഷിക്കുന്നത് നന്ദികേടല്ല, മറിച്ച്‌ ജീവിതം പഠിപ്പിച്ച പാഠം തിരിച്ചറിയലാണെന്നും ദിവ്യ കുറിച്ചു. ബുദ്ധന്റെ കഥയെ ആസ്പദമാക്കിയുള്ള ഈ കുറിപ്പ് പാർട്ടിയുമായുള്ള ബന്ധത്തില്‍ ദിവ്യയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

എന്നാല്‍, പോസ്റ്റിലൂടെ ദിവ്യ കൃത്യമായി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പ്രതികരണവുമായി രംഗത്തെത്തിയത്. ദിവ്യ സ്വന്തം നിലപാട് തുറന്നുപറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലൂടെയാണ് പി.പി. ദിവ്യ ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടത്. 2024 ഒക്ടോബർ 15-ന് പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് മുൻപ് നടന്ന യാത്രയയപ്പ് യോഗത്തില്‍ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി നടത്തിയ പരാമർശങ്ങള്‍ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കേസ്.

കേസില്‍ ഏകപ്രതിയായ ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ വലിയ ചർച്ചകള്‍ക്കു വഴിവെച്ചിരുന്നു. അന്ത്യകർമങ്ങള്‍ക്കിടെ മകളുടെ സങ്കടം നിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങളും ഏറെ വേദനയോടെയാണ് കേരളം കണ്ടത്.

ദുരന്തത്തിന് പിന്നാലെ ഒന്നര വർഷത്തോടടുക്കുമ്പോഴും നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ രാഷ്ട്രീയ-നിയമ ചർച്ചകളില്‍ തുടരുന്നതിനിടെയാണ് പി.പി. ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പും അതിനോടുള്ള ബിജെപിയുടെ പ്രതികരണവും ശ്രദ്ധ നേടുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ