മുംബൈ: റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിൻ്റെ പ്രസ്താവനയിൽ ഭരണ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്തിന് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത പാടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്.
മാർ ജോസഫ് പാംപ്ലാനിക്ക് എതിരെ രംഗത്ത് വരുന്ന
എം.വി ഗോവിന്ദനും വി.ഡി സതീശനും അത് ഓർക്കുന്നത് നല്ലതാണെന്നും വി മുരളീധരൻ പ്രതികരിച്ചു.
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് കേരളത്തിലെ ഭരണ പ്രതിപക്ഷത്തിന് മുഖ്യം. താങ്ങുവിലയിലെ തട്ടിപ്പും ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ എന്ന ചോദ്യവുമായി എത്തുന്നവർ
ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഗോവയും ബിജെപിയാണ് ഭരിക്കുന്നത് എന്ന് ഓർക്കണം.
സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ് എന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.