കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പിഎഫ്ഐ ലക്ഷ്യമിട്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 59 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. റിപ്പോർട്ടേഴ്സ് വിങ്, ഫിസിക്കൽ ആൻഡ് ആംഡ് ട്രെയിനിങ് വിങ്, സർവീസ് വിങ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്നും കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.
പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് 30,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 153 എ, 120 ബി ആർ/ ഡബ്ല്യു 302 എന്നിവയും യുഎപിഎ 13, 16, 18, 18 എ, 18 ബി, 20 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു, പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി, നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ‘ആയുധ പരിശീലന വിങ്’ ഉപയോഗിച്ചു, നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്ഐ നേതാക്കൾ പിന്തുണച്ചു തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്.