ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷം. വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതിന് നിരോധനമേര്‍പ്പെടുത്തി. സര്‍വകലാശാലയുടെ ആര്‍ട്‌സ് വിഭാഗത്തിന് പുറത്ത് സംഘം ചേരുന്നതിനാണ് നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശനത്തിനെ തുടർന്നാണ് നടപടി. പ്രതിഷേധിച്ച നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, അംബേദ്കർ സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനം തടയാനുള്ള ശ്രമം ഉണ്ടായതായി വാർത്ത പുറത്തുവന്നു. നേരത്തെ ജെ.എൻ.യുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ അധികൃതർ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
ഇതേരീതിയിൽ അംബേദ്കർ സർവകലാശാലയിലും വൈദ്യുതി വിച്ഛേദിച്ച് ഡോക്യുമെന്ററി പ്രദർശനം തടയുകയായിരുന്നു. എന്നാൽ, ക്യൂ.ആർ. കോഡ് വഴി വീഡിയോ എല്ലാവരുടേയും മൊബൈലുകളിലും ലാപ്ടോപുകളിലും കാണാനുള്ള സൗകര്യം വിദ്യാർഥികൾ ഒരുക്കി പ്രദർശനം തുടരുകയായിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ നീക്കം.