ന്യൂഡല്‍ഹി: 1956ലെ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തശ്ശന്റെ സ്വത്ത് അവകാശികള്‍ക്ക് കൈമാറുകയും അത് ഭാഗംവെച്ചെടുക്കുകയും ചെയ്തുകഴിഞ്ഞാല്‍, പിതാവിന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്നും അതില്‍ പേരക്കുട്ടിക്ക് ജന്മം കൊണ്ട് യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി . ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, ജസ്റ്റിസ് സുനിത അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
മുത്തശ്ശന്റെ സ്വത്ത് വീതിച്ചപ്പോള്‍ പിതാവിന് ലഭിക്കുകയും പിന്നീട് പിതാവ് വില്‍ക്കുകയും ചെയ്ത ഭൂമിയില്‍ പകുതി ഓഹരി ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1997-ല്‍ മൈനറായിരുന്ന മകന്‍ തന്റെ മാതാവായ ജെ. ഗോമതിയെ സ്വാഭാവിക രക്ഷാധികാരിയാക്കി നല്‍കിയ സിവില്‍ ഹരജിയിലാണ് നിയമപോരാട്ടത്തിന്റെ തുടക്കം. എന്‍. രാമകൃഷ്ണന്‍ എന്ന മുത്തശ്ശന്റെ കൂട്ടുകുടുംബ സ്വത്ത് പിതാവായ ഒന്നാം പ്രതി എം.കുമരനും അതിലൂടെ തനിക്കും ലഭിച്ചതാണെന്നും അതിനാല്‍ വസ്തുവില്‍ പകുതി വിഹിതവും കൈവശാവകാശവും തനിക്ക് വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
1993-ല്‍ ഹരജിക്കാരന്റെ പിതൃസഹോദരി നല്‍കിയ ഭാഗംവെയ്പ്പ് കേസ് 1994-ല്‍ ഒത്തുതീര്‍പ്പ് വിധിയിലൂടെ അവസാനിക്കുകയും അതിന്‍പ്രകാരം തര്‍ക്കഭൂമി പിതാവിന് ലഭിക്കുകയും ചെയ്തിരുന്നു. 1997-ല്‍ പിതാവ് ഈ ഭൂമി വില്‍പനാധാരം വഴി വിറ്റു. ഹര്‍ജിയില്‍ ചെന്നൈ സിറ്റി സിവില്‍ കോടതി ഭാഗം വെയ്പ്പിനായി പ്രാഥമിക വിധി പുറപ്പെടുവിച്ചെങ്കിലും വസ്തു വാങ്ങിയവര്‍ നല്‍കിയ അപ്പീലില്‍ ഫസ്റ്റ് അപ്പലേറ്റ് കോടതി ഈ വിധി റദ്ദാക്കി. എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിക്കുന്ന സ്വത്ത് അദ്ദേഹത്തിന്റെ കേവല സ്വത്താണെന്നും അതില്‍ മകന് ജന്മാവകാശമില്ലെന്നും അപ്പലേറ്റ് കോടതി വ്യക്തമാക്കി. തുടര്‍ന്ന് മകന്‍ നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയും ഇതേനിലപാട് ശരിവെക്കുകയാണുണ്ടായത്. മുത്തശ്ശന്റെ മരണശേഷം ഭാഗം വെയ്പ്പിലൂടെ പിതാവിന് ലഭിച്ച സ്വത്തില്‍ മകന് ജന്മാവകാശം ലഭിക്കില്ലെന്നും അതിനാല്‍ അത് ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.



