Thursday, October 29, 2026
Homeഇന്ത്യസ്‌കൂൾ ജീവിതം അത്ര പൊളിയല്ല; പ്ലസ് ടു വിദ്യാർഥികളിൽ 59 ശതമാനം പേർ തൃപ്തരല്ലെന്ന് ദേശീയ...

സ്‌കൂൾ ജീവിതം അത്ര പൊളിയല്ല; പ്ലസ് ടു വിദ്യാർഥികളിൽ 59 ശതമാനം പേർ തൃപ്തരല്ലെന്ന് ദേശീയ സർവേ.

ന്യൂഡൽഹി: ബോർഡ് പരീക്ഷയും കരിയർ തീരുമാനങ്ങളും ഒരുമിച്ച് വരുന്ന അവസാന സ്കൂൾ വർഷം വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിക്കുന്നതായി ദേശീയ സർവേ. ഐസിഎസ്ഇയുമായി സഹകരിച്ച് ഐസി3 ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 2025-26 സ്റ്റുഡന്റ് വെൽ-ബീയിംഗ് പൾസ് റിപ്പോർട്ടിലാണ് കണ്ടെത്തൽ.

രാജ്യത്തുടനീളമുള്ള 8515 വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.

സർവേ പ്രകാരം പ്ലസ് ടുവിലെ 59 ശതമാനം പേർ സ്കൂ‌ൾ ജീവിതത്തിൽ കുറഞ്ഞ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഉയർന്ന സംതൃപ്തിയുള്ളത് 19 ശതമാനം പേർക്ക് മാത്രമാണ്. എട്ടാം ക്ലാസിൽ 57 ശതമാനം പേർ ഉയർന്ന സംതൃപ്തിയും 23 ശതമാനം പേർ കുറഞ്ഞ സംതൃപ്തിയുമാണ് രേഖപ്പെടുത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അവസാന ക്ലാസുകളിലേക്ക് എത്തുമ്പോൾ സംതൃപ്തി എത്രത്തോളം കുറയുന്നുവെന്ന് വ്യക്തമാകുന്നു. സ്കൂ‌ൾ ജീവിതത്തോടുള്ള തൃപ്തി മാത്രമല്ല, മൊത്തത്തിലുള്ള മാനസികാരോഗ്യത്തിലും സമാനമായ ഇടിവ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാനസികാരോഗ്യം മികച്ചതാണെന്ന് പറഞ്ഞവരുടെ നിരക്ക് എട്ടാം ക്ലാസിൽ 62 ശതമാനമായിരുന്നത് പ്ലസ് ടുവിൽ 43 ശതമാനമായി കുറഞ്ഞു. സ്കൂളിൽ സ്ഥിരമായി സന്തോഷം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞവർ 65 ശതമാനത്തിൽ നിന്ന് 48 ശതമാനമായും ആത്മവിശ്വാസമുള്ളവർ 64 ശതമാനത്തിൽ നിന്ന് 47 ശതമാനമായും പ്രചോദനമുള്ളവർ 64 ശതമാനത്തിൽ നിന്ന് 49 ശതമാനമായും കുറഞ്ഞു. ഇതിന് വിപരീതമായി പതിവായി ഉത്കണ്ഠ അനുഭവപ്പെടുന്നവർ എട്ടാം ക്ലാസിലെ 22 ശതമാനത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസിൽ 37 ശതമാനമായി ഉയർന്നു. ഊർജമില്ലായ്മ അനുഭവപ്പെടുന്നവരുടെ എണ്ണം 27 ശതമാനത്തിൽ നിന്ന് 44 ശതമാനമായും വർധിച്ചു.

എന്നാൽ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ചിത്രം വ്യത്യസ്‌തമാണ്. 63 ശതമാനം വിദ്യാർഥികളും സുഹൃത്തുക്കളുമായും കുടുംബവുമായുമുള്ള ബന്ധത്തിൽ ഉയർന്ന സംതൃപ്തി രേഖപ്പെടുത്തി. വ്യക്തിജീവിതത്തിൽ പിന്തുണയുണ്ടെങ്കിലും സ്കൂ‌ളിനുള്ളിലെ സമ്മർദ്ദത്തെ നേരിടാൻ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ഈ വൈരുധ്യം സൂചിപ്പിക്കുന്നത്.

അക്കാദമിക സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റവുമാകാം ഇതിന് കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. എന്നാൽ ഏതെങ്കിലും ഒരു ഘടകമാണ് കാരണമെന്ന് സർവേ സ്ഥാപിക്കുന്നില്ല. മാർക്കും ഫലങ്ങളും പോലെ അക്കാദമിക പ്രകടനം ദൃശ്യമാകുമ്പോഴും വിദ്യാർഥികളുടെ മാനസികാവസ്ഥ അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും അതിനാൽ അക്കാദമിക തയ്യാറെടുപ്പിനൊപ്പം തന്നെ മാനസിക പിന്തുണ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ സ്കൂളുകളിൽ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ