പ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ(78) അന്തരിച്ചു. കമ്പനി ജോലിക്കിടയിൽ ഇരുകൈകളും നഷ്ടമായിട്ടും അദ്ദേഹം സംഗീതം കൈവിട്ടില്ല. ആയിരത്തിലേറെ ശിഷ്യഗണങ്ങളുണ്ട്.
നിരവധി വേദികളിൽ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സരിഗ സംഗീത അക്കാദമിയുടെ സ്ഥാപകനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
1947 നവംബർ 14ന് കിഴക്കേ കടുങ്ങല്ലൂർ ചക്കുപറമ്പിൽ പി ശങ്കരൻനായരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ചു. 1971ലാണ് കളമശേരി പ്രീമിയർ ടയേഴ്സിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഇരുകൈകളും നഷ്ടമായത്. ഹാർമോണിസ്റ്റായിരുന്ന തനിക്ക് കൃത്രിമ കൈയിൽ മുന്നേറാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കർണാടക സംഗീതത്തിലേക്ക് ചുവടുവച്ചത്.



