ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ ക്രോമിൽ പുതിയ പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ അതീവ അപകട സാധ്യതയുളള പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ, ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതാണ്. ഉപഭോക്താവിന്റെ സിസ്റ്റത്തിലേക്ക് സൈബർ ആക്രമകാരികൾക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലുള്ള പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഗൂഗിൾ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്റെ 117.0.5938.132-ന് മുൻപുള്ള പതിപ്പുകളെയാണ് ഈ പ്രശ്നം പ്രധാനമായും ബാധിച്ചിരിക്കുന്നത്. അതിനാൽ, ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഗൂഗിൾ ക്രോം ഓപ്പൺ ചെയ്തതിനുശേഷം Help ഓപ്ഷനിലെ ‘About Google Chrome’ ക്ലിക്ക് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന വിൻഡോയിൽ നിങ്ങളുടെ ഗൂഗിൾ ക്രോം അപ്ഡേറ്റഡ് ആണോ അല്ലയോ എന്ന് കാണിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ‘Update’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്.