കോവിഡാനന്തര കാലത്ത് തിയറ്ററുകളെ പൂരപറമ്പാക്കി മാറ്റിയ അമൽ നീരദ് ചിത്രം ‘ഭീഷ്മപർവ്വം’ രചിച്ച് മലയാള സിനിമയിൽ വരവറിയിച്ച ദേവദത്ത് ഷാജിയുടെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റമാണ് ‘ധീരൻ’. കോമഡിയും ഡ്രാമയും ആക്ഷനും ത്രില്ലുമെല്ലാം നിറഞ്ഞ ഒരു എന്റർടെയിനറാണ് ‘ധീരൻ’. പുതുതലമുറ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ വിന്റേജ് താരങ്ങളും അഴിഞ്ഞാടിയപ്പോൾ ബോക്സ് ഓഫിസിൽ ചിരിയുടെ മാലപടക്കം തീർക്കുകയാണ് ചിത്രം. ഒരു നിമിഷം പോലും മടുപ്പ് തോന്നാത്ത വിധം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഗംഭീര തിരക്കഥ, രസകരമായ അഭിനയ മുഹൂർത്തങ്ങൾ, ഹാസ്യവും ആക്ഷേപഹാസ്യം ഇടകലർന്ന സംഭാഷണങ്ങൾ, മത്സരിച്ച് അഭിനയിക്കുന്ന അഭിനേതാക്കളുടെ ടൈമിങ് അങ്ങനെ ഏറെ പ്ലസുകളുണ്ട് ‘ധീരന്’ പറയാൻ.
ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡൽ വാങ്ങി മലയാറ്റൂരുകാരുടെ അഭിമാനമായി മാറിയ എൽദോസ് അവറാച്ചൻ പിന്നീട് അതേ നാട്ടുകാരുടെ പൊതു ശത്രുവായി മാറുന്നു. സംഭവ ബഹുലമായ എൽദോസ് അവറാച്ചന്റെ യാത്രയാണ് ‘ധീര’ന്റെ പ്രധാന പ്ലോട്ട്. രാജേഷ് മാധവനാണ് എൽദോസായി വേഷമിടുന്നത്. ‘എന്നാ താൻ കേസ് കൊട്’, ‘മദനോത്സവം’, ‘മരണമാസ്സ്’ എന്നീ സിനിമകളിലെ മിന്നും പ്രകടനങ്ങൾക്കു ശേഷം രാജേഷിന്റെ മറ്റൊരു ഗംഭീര പ്രകടനം. അശ്വതി മനോഹരൻ, ശബരീഷ് വർമ്മ, അഭിറാം രാധകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ എന്നീവരെല്ലാം രാജേഷിന്റെ കഥാപാത്രത്തിനു മികച്ച പിന്തുണ നൽകുന്നുണ്ട്.
എന്നാൽ ഈ പുതുതലമുറ താരങ്ങളുടെയെല്ലാം പ്രകടനങ്ങളെ അപ്രസക്തമാക്കി കളയുന്നു മലയാളത്തിന്റെ വിന്റേജ് ഗ്യാങ്. ജഗദീഷ്, അശോകൻ, സുധീഷ്, മനോജ് കെ. ജയൻ, വിനീത് എന്നീ എവർഗ്രീൻ താരങ്ങളെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ സ്വതന്ത്രമായി അഴിച്ചുവിട്ടപ്പോൾ അവർ സ്ക്രീനിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. എല്ലാവരുടെയും കോമഡി രംഗങ്ങളിലെ ടൈമിങ് അസാധ്യം. മത്സരിച്ച് അഭിനയിച്ച് ഓരോരുത്തരും അവരുടെ ഗംഭീര പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
കൊലപാതക കൊട്ട്വേഷനുമായി യാത്ര തുടങ്ങുന്ന എൽദോസിന്റെ വർത്തമാനകാലത്ത് നിന്നാണ് സിനിമ കഥ പറഞ്ഞു തുടങ്ങുന്നത്. ഒരേ സമയം മലയാറ്റൂർകാർക്ക് അയാൾ എങ്ങനെ ധീരനും വെറുക്കപ്പെട്ടവനുമായും എന്നു പറയുന്ന ഫ്ലാഷ്ബാക്ക് സ്റ്റോറി. വർത്തമാനകാലത്തെയും ഭൂതകാലത്തെയും കോർത്തിണക്കുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവരുടെ പേരുകളിൽ തുടങ്ങി സ്വഭാവ സവിശേഷതകൾ വരെ നീളുന്ന കൗതുകങ്ങൾ.
ചില്ലറ മോഷണവും കള്ളവാറ്റും നടത്തുന്ന ജോപ്പനെന്ന സുധീഷിന്റെ കഥാപാത്രം, അത്തറ് കച്ചവടക്കാരനും അധോലക നായകനുമായ വിനീതിന്റെ അബുബക്കർ, പൊതുപ്രവർത്തകനായ ജഗദീഷിന്റെ അബാസ്, പാചകകാരനും ക്രോണിക്ക് ബാച്ചിലറുമായ അശോകന്റെ കുഞ്ഞൻ, വെൽഡറും ഹിന്ദി ഭാഷാ ആരാധകനുമായ മനോജ് കെ. ജയന്റെ അരുവിയെന്ന അരവിന്ദാക്ഷൻ, തവളപിടിത്തവും അമ്പലത്തിലെ ഇടക്കാവാദവും ആംബുലൻസിലെ ഡ്രൈവർ പണി വരെ ചെയ്യുന്ന ശബരീഷിന്റെ സ്പീനിഷ്, ഫാന്റസി ക്വീനായ അശ്വതി മനോഹറിന്റെ സുരമ്യ, ഗാനമേള ഗായകനായ അഭിറാമിന്റെ ഡിക്സൺ കുറ്റപ്പുഴ തുടങ്ങി ചെറുതും വലുതുമായി വരുന്ന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ സ്ക്രീൻ സ്പേസ് നൽകി ഓരോ കഥാപാത്രത്തെയും രസകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട് ദേവദത്ത്. ശരണവന്റെ വേഷത്തിൽ എത്തുന്ന നടനും മികവാർന്ന പ്രകടനം പുറത്തെടുക്കുന്നു.
ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ ആത്മാവ് ഹാസ്യമാണ്. പഴയ ശ്രീനിവാസൻ, സിദ്ധിഖ്-ലാൽ സിനിമകളുടെ ആരാധകരാണ് നിങ്ങളെങ്കിൽ ധൈര്യമായി ധീരന് ടിക്കെറ്റുക്കാം.
മെഗാസ്റ്റാർ മമ്മൂട്ടിയെകൊണ്ടും മാത്രമല്ല രാജേഷ് മാധവനെ കൊണ്ടും മാസ് കാണിക്കാൻ തന്റെ പേനയ്ക്ക് ശക്തിയുണ്ടെന്നു തെളിയിക്കുന്നുണ്ട് ദേവദത്ത്. ‘ഭീഷ്മപർവ്വ’ത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആഖ്യാനവും രീതിയുമാണ് ധീരന്റേത്.
കയ്യടക്കത്തോടെ കഥപറഞ്ഞ് കയ്യടി വാങ്ങുമ്പോൾ ഏതു തരം സിനിമകളും തനിക്കു വഴങ്ങുമെന്നു ദേവദത്ത് അടിവരയിടുന്നു. കാസ്റ്റിങാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ജഗദീഷ്, അശോകൻ, സുധീഷ്, മനോജ് കെ. ജയൻ, വിനീത് തുടങ്ങിയ താരങ്ങൾക്കു ദേവദത്തിലൂടെ മലയാള സിനിമ നൽകുന്ന ആദരമായും ‘ധീര’നെ കാണാം. ഇവർ ഓരോരുത്തരുടെയും ഇൻട്രോ സീനുകൾക്ക് പ്രേക്ഷകർ നൽകുന്ന കയ്യടിയിൽ നിന്നറിയാം മലയാളത്തിന്റെ പോപ്പുലർ കൾച്ചറിൽ സിനിമയ്ക്കും ഈ അഭിനേതാക്കൾക്കുമുള്ള സ്വാധീനം. ഒറ്റവാക്കിൽ പറഞ്ഞാൽ സമീപകാലത്ത് മികച്ച തിയറ്റർ അനുഭവം നൽകുന്ന ക്ലീൻ എന്റർടെയിനറാണ് ‘ധീരൻ’.