ഡൽഹിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവേകാൻ യമുനാ നദിയിൽ റോപ് വേ വരുന്നു. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ആണ് റോപ്വേ നിർമിക്കാൻ പദ്ധതിയിടുന്നത്. കാളിന്ദി അവിരൽ പദ്ധതി പ്രദേശത്തുനിന്നായിരിക്കും റോപ്വേ ആരംഭിക്കുക.
ഒരു ദിശയിൽ മണിക്കൂറിൽ 3,000 യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഓരോ കേബിൾ കാറിനും എട്ട് മുതൽ പത്ത് വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. ആരംഭിക്കുന്ന സ്ഥലം മുതൽ ലക്ഷ്യസ്ഥാനം, ഇടയിലുള്ള സ്റ്റേഷനുകളുടെ എണ്ണം, ടവറുകൾ തുടങ്ങിയവയെക്കുറിച്ചൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.
വിനോദസഞ്ചാരം വർധിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും മികച്ച അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഒരു ഡിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഇത് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിലാണ് ആസൂത്രണം ചെയ്യുന്നത്. മിക്ക ടവറുകളും സർക്കാർ ഭൂമിയിലോ നിലവിലുള്ള വഴികളിലോ സ്ഥാപിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ കുറവായിരിക്കും. ഇത് വെറും ഗതാഗതം മാത്രമല്ല, മറിച്ച് വിനോദസഞ്ചാര, പൈതൃക അനുഭവം കൂടിയാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
റോപ്വേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള വിശദമായ സാധ്യതാ പഠനവും സാങ്കേതിക സർവേകളും നടത്തുന്ന പ്രവർത്തനത്തിലാണ് ഡിഡിഎ. പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ നിർമാണത്തിനായി 18 മാസത്തെ സമയം അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ലോകമെമ്പാടുള്ള വിവിധ റോപ്വേ സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തുമെന്നാണ് ഡിഡിഎ പുറത്തിറക്കിയ റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ (ആർഎഫ്പി) ഉള്ളത്. ഭൂപ്രകൃതി, നീളം, ശേഷി, മറ്റ് സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി അവയെ താരതമ്യം ചെയ്യുകയും ചെയ്യും.