ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ആക്രമണങ്ങള്‍ ഐആര്‍ജിസിയെ ലക്ഷ്യമിട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന് അമേരിക്ക വ്യക്തമാക്കി. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. ഇറാനിലെ ലാറക് ദ്വീപിലേക്ക് അമേരിക്ക നടത്തിയ ആക്രമണവും ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് നടത്തിയ പ്രത്യാക്രമണവും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹോര്‍മുസിന്റെ കിഴക്കന്‍ തീരത്തേക്ക് അമേരിക്കന്‍ സൈന്യം അയച്ച എം ക്യു- നയണ്‍ ഡ്രോണുകളെ പ്രതിരോധിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഒമാനിലെ ഖസാബ് തുറമുഖത്തിനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അമേരിക്കയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഇറാനെ എത്തിക്കുന്നതിനായാണ് ഇറാനു മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ ചൈനീസ് ബാങ്കുകള്‍ക്കെതിരെ യു എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. അതിനിടെ, ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്ന പക്ഷം ചര്‍ച്ചകള്‍ക്ക് തയാറായേക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ സൂചന നല്‍കി.



