കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി-ദുക്കിന്റെ ‘ദ ബോ’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2005 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഉണ്‍സേട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. കൊറിയന്‍ തീരത്ത് നങ്കൂരമിട്ട ഒരു മല്‍സ്യബന്ധന ബോട്ടില്‍ ജീവിക്കുന്ന ഒരു 60 കാരനും 16കാരിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത്. അവള്‍ക്ക് ആറു വയസ്സുള്ളപ്പോഴാണ് അയാളുടെ കൂടെ കൂടിയത്. 17 തികയുന്നതോടെ അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വൃദ്ധന്‍. വിനോദസഞ്ചാരികള്‍ക്ക് മീന്‍പിടിത്തം നടത്തുന്നതിനുള്ള സ്ഥലമായാണ് അയാള്‍ ആ ബോട്ട് ഉപയോഗിക്കുന്നത്.
അവളെ ശല്യപ്പെടുത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ അമ്പെയ്ത് അയാള്‍ കടുത്ത താക്കീത് നല്‍കുന്നു. ആയുധമായി ഉപയോഗിക്കാത്ത നേരത്തെല്ലാം വില്ല് വയലിന്‍ പോലെ ഒരു സംഗീത ഉപകരണമാവുന്നു. ഒരു യുവാവ് ബോട്ടില്‍ വന്നുചേരുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നതോടെ കഥയുടെ ഗതി മാറുന്നു.
കിം കി-ദുക്കിന്റെ മറ്റു പല ചിത്രങ്ങളെയും പോലെ വളരെക്കുറച്ച് സംഭാഷണങ്ങള്‍ മാത്രമേ ഇതിലുള്ളൂ. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.