Wednesday, October 7, 2026
Homeഅമേരിക്കയുദ്ധവും സമാധാനവും (ലേഖനം) ✍ ഹേമലത കൃഷ്ണദാസ്.

യുദ്ധവും സമാധാനവും (ലേഖനം) ✍ ഹേമലത കൃഷ്ണദാസ്.

ലോകാരംഭം മുതൽക്കു തന്നെ ഒന്ന് ചീഞ്ഞത് മറ്റൊന്നിന് വളം എന്ന പ്രതിഭാസമാണ് പ്രകൃതിയിൽ മാറ്റത്തിന്റെ ഉറവിടം സൃഷ്ടിക്കുന്നത്.
ഒന്ന് മറ്റൊന്നിന് മേൽ വിജയം നേടിയിട്ടുളളതും ആധിപത്യം സ്ഥാപിച്ചതുമെല്ലാം
കീഴ്പ്പെടുത്തലിലൂടെയോ ഉന്മൂലനത്തിലൂടെയോ തന്നെയാണ്. യുദ്ധത്തിന്റെ കാര്യവും അങ്ങനെ തന്നെ. എത്രയെത്ര യുദ്ധങ്ങളിലൂടെയാണ് ലോകം കടന്നു പോയിട്ടുളളത്. രണ്ട് രാജ്യങ്ങൾ തമ്മിലുളള പകയുടേയും പ്രതികാരത്തിന്റേയും ആളിക്കത്തലായി വന്നു ഭവിക്കുന്ന യുദ്ധം പലപ്പോഴും രണ്ട് രാജ്യങ്ങൾ തമ്മിലുളള ശക്തിപ്രകടനമായി മാറുന്നു. എന്നാൽ ആ അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങുന്നത് നിരപരാധികളായ ഒട്ടേറെ മനുഷ്യരും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ്. സർവ്വോപരി രാജ്യം ഊട്ടി വളർത്തിയെടുത്ത അവിടത്തെ സംസ്ക്കാരവുമാണ്.

യുദ്ധങ്ങൾ എപ്പോഴും നാശനഷ്ടങ്ങളേ ഉണ്ടാക്കുകയുളളൂ.
ആണവശക്തിയിൽ ഊറ്റം കൊളളുന്ന വികസിത രാജ്യങ്ങൾ ഒരു ഒരു നിമിഷം കൊണ്ട് എല്ലാം തകർക്കുമെന്ന് ശത്രുരാജ്യത്തെ വെല്ലു വിളിക്കുമ്പോൾ , നിങ്ങൾ ചിന്തിക്കാനെടുക്കുന്ന സമയം കൊണ്ട് ഈ ലോകം തന്നെ ഇല്ലാതാക്കാൻ തങ്ങൾക്ക് കഴുയുമെന്ന് പറഞ്ഞു അഹങ്കരിക്കുന്ന മറ്റു രാജ്യങ്ങൾ. അത്രത്തോളം ആണവശക്തിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു പല രാജ്യങ്ങളും. വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകമുണ്ട്. “മൂന്നാം ലോകമഹായുദ്ധം ഏതെല്ലാം ആയുധങ്ങൾ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ടെന്നാണ് ഐൻസ്റ്റീൻ പറഞ്ഞത്.” സർവം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസ്സിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞൻ അപ്രകാരം അഭിപ്രായപ്പെട്ടത്.

ദേവൻമാരും അസുരൻമാരും മനുഷ്യരും എല്ലാം യുദ്ധത്തിൽ ഏർപ്പെട്ടവർ തന്നെ. പൗരാണിക ചരിത്രങ്ങൾ എടുത്തു നോക്കിയാലും യുദ്ധത്തിന് ഒട്ടും കുറവില്ല.

പുരാതന കാലത്ത് ഇസ്രായേല്യർ തങ്ങളുടെ ദൈവമായ യഹോവയുടെ പേരിൽ യുദ്ധം നടത്തിയിരുന്നു എന്ന് ബൈബിളിൽ പറയുന്നു. ബദർയുദ്ധത്തെ കുറിച്ച് ഖുറാനും വിവരിക്കുന്നു. രാമായണവും മഹാഭാരതവും എല്ലാം യുദ്ധത്തെ കുറിച്ച് സംസാരിക്കുന്നു. അവയിൽ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായിരുന്നു കുരുക്ഷേത്രയിൽ നടന്ന മഹാഭാരതയുദ്ധം. ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകളും അധികാരമോഹവും ചതിയും കളളച്ചൂതും അവരെ യുദ്ധക്കളത്തിലേക്കെത്തിച്ചു. ഭൂമിയിലെ ധർമ സംസ്ഥാപനമായിരുന്നു മഹാഭാരത യുദ്ധത്തിന്റെ ലക്ഷ്യം. എങ്കിലും എത്രയോ മഹാൻമാരായ മനുഷ്യർ യുദ്ധഭൂമിയിൽ മരിച്ചുവീണു. തിൻമക്കുമേൽ നൻമ വിജയിക്കുന്നതും യുദ്ധത്തിലൂടെ തന്നെ. നമുക്കറിയാം മനുഷ്യൻ നേടിയെടുത്ത ഓരോ അവകാശങ്ങൾക്ക് പിന്നിലും ചോരയുടെ ഗന്ധമുണ്ടെന്ന്.

ഇന്ന് അതിർത്തിപ്രശ്നങ്ങൾ മാത്രമല്ല വർഗ്ഗീയതയും തീവ്രവാദവും എല്ലാം യുദ്ധത്തിലേക്ക് നയിക്കുന്നു. ഒരേ രാജ്യത്തിൽ സഹോദരതുല്യരായി കഴിയേണ്ടവർ തന്നെ യുദ്ധം ചെയ്യുന്നു.

ഒരു വിഭാഗം മതഭ്രാന്ത് മൂത്ത് ആളുകളെ കൊന്നൊടുക്കുന്നു. വിശ്വാസത്തിന്റെ പേരും പറഞ്ഞു ആളുകളെ കശാപ്പു ചെയ്യുന്നു. യുദ്ധക്കെടുതി മൂലം ഉണ്ടാകുന്ന പട്ടിണി മരണം മറ്റൊരു ഭാഗത്ത്. മനുഷ്യന്റെ ജീവന് ഒരു വിലയും കല്പിക്കാത്ത ഇക്കാലത്ത് ഏതൊരാളും ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവും മാത്രമാണ്. അത്രത്തോളം മനസ്സിനെ തണുപ്പിക്കുന്ന , സ്വസ്ഥത നൽകുന്ന മറ്റൊരവസ്ഥയില്ല.
ലോകസമാധാനത്തെക്കുറിച്ച് നമ്മൾ പറയുമ്പോഴും ആന്തരികമായ സമാധാനം അനുഭവിക്കാത്തവരാണ് മിക്കവരും. യുദ്ധങ്ങൾ പടനിലങ്ങളിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട്. ഓരോ ദിവസവും ഈ യുദ്ധത്തിൽ ഏർപ്പെടുന്ന ഒത്തിരി മനുഷ്യരുണ്ട്.

നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽപോലും കലഹിക്കുന്ന മനുഷ്യരുടെ പ്രവൃത്തികൾ വെട്ടിലും കുത്തിലും ചെന്നവസാനിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്..
ഒരു പക്ഷേ ലോകത്തുള്ള ചിന്തകരും ദാർശനികരും ഏറ്റവും കൂടുതൽ സമയം ചെലവിട്ടത് സമാധാനത്തിന്റെ പൊരുൾ തേടിയാകണം. അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന മനസ്സെന്ന കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച്ചുകെട്ടാനുള്ള ധ്യാനങ്ങളും തപസ്സും മുതൽ ജ്ഞാനാന്വേഷണങ്ങൾ വരെ.

ധാർമികതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന മഹനീയമായ ജീവവംശമാണ് മനുഷ്യർ. ജീവിതത്തിന്റെ അർഥവും വ്യാപ്തിയും നന്മതിന്മകളുടെ വ്യത്യാസവും തിരയാൻ മാത്രം ബുദ്ധിയും ബോധവും വളർന്നു വികസിച്ച വംശം. ആ മനുഷ്യർ അക്രമത്തിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണു വേണ്ടത്. ആശയങ്ങളുടെ മൂർച്ചയ്ക്കാണ് ആയുധങ്ങളുടെ മൂർച്ചയേക്കാൾ മഹത്വം. അക്ഷരങ്ങളെ പടവാളാക്കി അക്രമചിന്തകൾ കൈവെടിഞ്ഞ് ആശയങ്ങളുടെ ചക്രങ്ങളിൽ നീങ്ങുന്ന ഒരു ലോകത്തിനായി നമുക്ക് പ്രാർഥനയോടെ കാത്തിരിക്കാം. അക്ഷരങ്ങളെ പടവാളാക്കി രക്തചൊരിച്ചിലില്ലാതെതന്നെ സമാധാനത്തിന്റെ പാതയിലൂടെ നൻമയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം .

ഹേമലത കൃഷ്ണദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ