Friday, October 16, 2026
Homeഅമേരിക്കയെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു,10 പേർക്ക് പരിക്ക്

യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു,10 പേർക്ക് പരിക്ക്

ഏഡൻ: യെമനിലെ ഏഡനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെടുകയും പത്ത് പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കൊട്ടാരത്തിന് സമീപം ഉഗ്രശബ്ദത്തിലുള്ള സ്ഫോടനങ്ങൾ കേട്ടതായാണ് മൂന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ ആസ്ഥാനമായും ഈ കൊട്ടാരം പ്രവർത്തിക്കുന്നുണ്ട്. യെമനീസ് മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്ന് യുവജനകാര്യ മന്ത്രി നയീഫ് സാലിഹ് അൽ ബക്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം.

സമുച്ചയത്തിന് നേരെ അഞ്ച് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ട്. സൗദി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന സൈനിക പ്രവർത്തനങ്ങളുടെ ആസ്ഥാനത്തെയും ആയുധ സംഭരണശാലകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഏഡനിലെ സൗദി സൈനിക വിന്യാസങ്ങളെ ലക്ഷ്യമിടുകയെന്ന തങ്ങളുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരീഅ പറഞ്ഞു. സൗദി സൈനിക സന്നാഹങ്ങൾ എവിടെയുണ്ടായാലും അവയെ ലക്ഷ്യമിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികൾക്കെതിരെ 1,250 ആക്രമണങ്ങൾ നടത്തിയെന്നാണ് യെമൻ സർക്കാർ സേന അവകാശപ്പെടുന്നത്. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ആരംഭിച്ച ‘ഡോൺ ഓഫ് യെമൻ’ സൈനിക നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികൾക്കെതിരെ 1,250 ആക്രമണങ്ങൾ നടത്തിയതെന്നാണ് യെമൻ സർക്കാർ സേന അവകാശപ്പെടുന്നത്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പീരങ്കികൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സേനാ വക്താവ് മാജിദ് അൽ നുസൈലി എക്സിലെ പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ആക്രമണങ്ങളിൽ ഹൂതികളുടെ 150 വാഹനങ്ങൾ തകർത്തതായാണ് മാജിദ് അൽ നുസൈലി അവകാശപ്പെട്ടത്. ഹൂതികളുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ ആക്രമണങ്ങൾ സഹായിച്ചെന്നും പ്രത്യേകിച്ച് തായിസ് മേഖലയിലെ യുദ്ധമുഖങ്ങളിൽ കാര്യമായ നേട്ടമുണ്ടാക്കിയെന്നും അൽ നുസൈലി വ്യക്തമാക്കി. യെമൻ സർക്കാർ സേന ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി കാണിക്കുന്ന വീഡിയോയും പ്രസ്താവനയ്ക്കൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

ഇതിനിടെ യെമനിലെ ദുബാബ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം ചെറുക്കുകയാണെന്നും അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സേനകൾ അറിയിച്ചു. തായിസ് ഗവർണറേറ്റിലെ തീരദേശ നഗരമായ ദുബാബിലുള്ള വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സതേൺ ജയന്റ്സ് ബ്രിഗേഡുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് സർക്കാർ അനുകൂല ഹോംലാൻഡ് ഷീൽഡ് ഫോഴ്സ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അനുകൂല സേനകൾ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തേക്ക് മുന്നേറിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബാബ് ജില്ലയിലെ ചില ഭാഗങ്ങളിലും വിമാനത്താവളത്തിന് സമീപവും ഹൂതികളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ