Friday, September 13, 2024
Homeഅമേരിക്ക2029-ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്, ആദ്യ മുന്നേറ്റം അടുത്ത വര്‍ഷം തന്നെ.

2029-ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്, ആദ്യ മുന്നേറ്റം അടുത്ത വര്‍ഷം തന്നെ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത എഐ കമ്പനികളുമെല്ലാം ജനറേറ്റീവ് എഐ രംഗത്ത് സജീവമായി രംഗത്തുണ്ട്. പലരും ഇതിനകം അവരുടേതായ എഐ മോഡലുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാളുകള്‍ കഴിയും തോറും അവയെ കൂടുതല്‍ ശക്തമാക്കും വിധം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എഐ മനുഷ്യ വംശത്തിന് വലിയൊരു ഭീഷണിയാകുമെന്ന പ്രവചനത്തിന്റെ പ്രധാന വക്താക്കളിലൊരാളാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. 2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്നാണ് അദ്ദേഹം പറയുന്നത്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുര്‍സ്‌വെയിലും തമ്മിലുള്ള ചര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് മസ്‌കിന്റെ പ്രതികരണം.

സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കുര്‍സ് വെയ്ല്‍ വിലയിരുത്തുന്നു. കംപ്യൂട്ടേഷണല്‍ ശക്തി, അല്‍ഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങള്‍ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാന്‍ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

1999 ല്‍ തന്നെ താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുര്‍സ് വെയ്ല്‍ പറഞ്ഞു. 2029 ഓടെ അത് സംഭവിക്കുമെന്ന് ഞാന്‍ അന്ന് പറഞ്ഞു. അതായത് 30 വര്‍ഷങ്ങള്‍കൊണ്ട്. ആരും അത് വിശ്വസിച്ചില്ല. അന്ന് സ്റ്റാന്‍ഫോര്‍ഡില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ പങ്കെടുത്ത ഒരു കോണ്‍ഫറന്‍സ് നടന്നു. എന്റെ പ്രവചനം ചര്‍ച്ച ചെയ്തു. അത് സംഭവിക്കുമെന്ന് തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ 2029 ല്‍ അതുണ്ടാവില്ലെന്നും 100 വര്‍ഷങ്ങളെങ്കിലുമെടുക്കുമെന്നും അവര്‍ കരുതി.” അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായം ഏറ്റെടുക്കുകയാണ് ഇലോണ്‍ മസ്‌കും.

എന്നാല്‍ മസ്‌ക് പറയുന്നത് ഇങ്ങനെയാണ്. “അടുത്ത വര്‍ഷം തന്നെ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയേക്കാള്‍ മികച്ചതാവും എഐ. 2029 ഓടുകൂടി മുഴുവന്‍ മനുഷ്യരുടേയും ബുദ്ധിയേക്കാള്‍ മികച്ചതാവും.”

ഈ പ്രവചനങ്ങള്‍ തള്ളിക്കളയാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ അതിവേഗമാണ് ജനറേറ്റീവ് എഐ മോഡലുകള്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) കേന്ദ്രീകരിച്ചുള്ള പദ്ധതികളിലാണ് ഓപ്പണ്‍ എഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റത്തിന് ശക്തിയേറിയ എഐ കൈകാര്യം ചെയ്യുന്നതിനാവശ്യമായ കംപ്യൂട്ടേഷണല്‍ ശക്തി ആര്‍ജിക്കുക എന്നത് മാത്രമാണ് പ്രധാന വെല്ലുവിളി. അതിന് ആവശ്യമായി വരുന്ന അതിഭീമമായ ചിലവുകളും, മറ്റ് സാങ്കേതിക പരിമിതികളും പരിഹരിക്കപ്പെടുന്നതോടെ എഐയുടെ മുന്നേറ്റം അതിവേഗമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments