പി പി ചെറിയാൻ
വെസ്റ്റ് വിർജീനിയ മുതൽ ന്യൂജേഴ്സി വരെയുള്ള ഒൻപത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. പെൻസിൽവാനിയ (2.3 ലക്ഷം), മേരിലാൻഡ് (1.6 ലക്ഷം), ന്യൂജേഴ്സി (1.4 ലക്ഷം) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തടസ്സം നേരിട്ടത്.
മേരിലാൻഡിലെ ഓഷ്യൻ സിറ്റിയിൽ ശക്തമായ കാറ്റിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. റോക്ക്വില്ലിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്ന് കുടുങ്ങിയ രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആളപായമില്ല.
അഞ്ച് കോടിയിലധികം ആളുകൾക്ക് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിർജീനിയ മുതൽ ന്യൂയോർക്ക് സിറ്റി വരെയുള്ള പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബർ അവസാനമുണ്ടായ പ്രളയത്തിലും കൊടുങ്കാറ്റിലും നാശനഷ്ടമുണ്ടായ ഫ്ലോറിഡയ്ക്കായി 100 മില്യൺ ഡോളറിന്റെ ഫെഡറൽ സഹായം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.



