ഉമ്മറത്തെ ചാമ്പമരത്തിന് കീഴിലും
നടുവകത്തെ നിലത്ത് വിരിച്ചിട്ട
പുൽപ്പായയിലും
നീണ്ട അടുക്കളയുടെ മുക്കിലും
മൂലയിലും കുഴിച്ചിട്ട ചിന്തകളെ നോക്കി
പിറുപിറുത്തു കൊണ്ടൊരു കവിത
പറയുന്നു
ഞാനയാളെ പ്രണയിച്ചിട്ടേയില്ലേന്ന്.
കരിയിലകൾ ചവുട്ടി ഇടവഴിയിലിറങ്ങി
ഒറ്റയ്ക്ക് നടന്നു പോവുമ്പോൾ
വിരൽത്തുമ്പിലൊരു പിടച്ചിലുണരുന്നു
പറഞ്ഞിട്ടുണ്ടാവുമോ തുറന്ന്
നോക്കാനൊരു ഹൃദയം
പെറ്റുകൂട്ടിയ സ്വപ്നങ്ങളുടെ
ഉൾച്ചുഴിയിൽ കിടന്ന്
പുറത്തേക്കുള്ള ഒഴുക്ക് തിരഞ്ഞ്
നീന്തുമ്പോൾ പിന്നെയും പറയും
അതൊരു തുരുത്താണ് പ്രണയമല്ലന്ന്.
ഇരുട്ടിൽ കണ്ണുമിഴിച്ച് കിടക്കുമ്പോൾ
കയറിയിറങ്ങുന്ന നിലാവിനോട്
വാദിക്കും
അതൊരു കരിന്തിരിയുടെ ആളലെന്ന്.
ഒരു മഴയാവാനും വെയിലായി
ഉദിക്കാനും
ആരുമില്ലന്നറിഞ്ഞിട്ടും
ശൂന്യതയുടെ വറുതിക്കാലത്താണ്
ഉള്ളിലൊരു പച്ച മരത്തെ നട്ടത്.,
വാക്കു പൂത്ത വസന്തത്തെ
ഉള്ളിലൊളിപ്പിച്ച്
ഇനിയും പറയണം
രാവും പകലും മറന്നേക്കണം
നമുക്കിടയിൽ നമ്മളില്ലന്ന്
ഒറ്റയാവലിൻ്റെ അന്ത്യ യാമങ്ങളിൽ
മുറിവുകളിൽ തട്ടി വിളിക്കണം
അതൊരു പ്രണയമേ യല്ലെന്ന്
പുറംചട്ടയിൽ മാത്രം മനോഹരമാക്കിയ
ചിത്രമായിരുന്നു
വെറുതെ തെറ്റിദ്ധരിക്കരുതെന്നും



