Thursday, June 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 01 | ശനി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 01 | ശനി ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയിലും ഇന്നാണ് വിധിയെഴുത്ത്. 6 മണിക്ക് പോളിങ് കഴിയുന്നതോടെ ചാനലുകളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

🔹ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

🔹45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചക്കുശേഷം കന്യാകുമാരിയില്‍ നിന്ന് മടങ്ങും. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചത്. ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് ഹാന്‍ഡിലില്‍ 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളര്‍ച്ചയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെതിരെ പരിഹാസമായെത്തിയ കോണ്‍ഗ്രസ് ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോണ്‍ ദൂരെ മാറ്റി വെക്കൂ’ എന്നും എക്സില്‍ കുറിച്ചു.

🔹കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡികെ ശിവകുമാര്‍ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ല. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം.

🔹കോവിഡിനു ശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തിയ കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2023ല്‍, 2022നെ അപേക്ഷിച്ച് 17% വര്‍ദ്ധനവോടെ 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്കുകള്‍ കേരളത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്റെ യഥാര്‍ത്ഥ കഥ പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

🔹സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്‍. യൂണിഫോം വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്ളാസുകളുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്‌കൂള്‍ എന്നിവയിലെ വിദ്യാര്‍ത്ഥിള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.

🔹ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞുവീണ് 2 കാറുകള്‍ മണ്ണിനും മരങ്ങള്‍ക്കുമടിയില്‍ കുടുങ്ങി. മണ്ണിടിഞ്ഞുവരുന്നതു കണ്ടതോടെ കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരുക്കില്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു.

🔹കേരളത്തില്‍ മെയ് മാസത്തില്‍ മൂന്ന് സുപ്രധാന കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. ഇറ്റലി ആസ്ഥാനമായ ഡൈനിമേറ്റഡ്, ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പേസ്, നോര്‍വേ ആസ്ഥാനമായുള്ള കോങ്ങ്‌സ്‌ബെര്‍ഗ് എന്നീ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

🔹എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി – സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 30 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ് നല്‍കിയത്. ഇന്നലെ 8 മണിക്കൂറോളം വൈകിയശേഷം യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിട്ടും എസി പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്താല്‍ ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു.

🔹മുളകിന്റെ സബ്സിഡി വില സപ്ലൈകോ വില്‍പനശാലകളില്‍ അരക്കിലോയ്ക്ക് 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇന്ന് മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക. വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നുള്ളതിനേക്കാള്‍ 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കുക.

🔹കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

🔹യൂട്യൂബര്‍ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്ലോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കണം . സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

🔹ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന്‍ കുന്നുകര സ്വദേശി ഫഹദിന് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. സംഭവത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കെതിരെ ആലുവ പോലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.

🔹പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍ വീണത്. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ വീണുപരുക്കേറ്റതിന് മാത്രം ചികില്‍സ നല്‍കി ആശുപത്രിയില്‍ നിന്ന് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

🔹കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്,അശോകന്‍ കിനാലൂര്‍ എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. അടച്ചിട്ട ഹോട്ടലില്‍ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്.

🔹ഭക്ഷ്യവിഷബാധ ആരോപിച്ച് ആലപ്പുഴയിലെ കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു.മകന്‍ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

🔹കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയായ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് സുഹൈല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ എയര്‍ഹോസ്റ്റസ് കല്‍ക്കത്ത സ്വദേശിനി സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലാണെന്നും ഡിആര്‍ഐ വ്യക്തമാക്കി.

🔹പ്രജ്വല്‍ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവില്‍ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രജ്വല്‍ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് പ്രജ്വലിനെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയില്‍ ഹാജരാക്കിയത്.

🔹എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കര്‍ണാടക ഹൈക്കോടതി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത്രയും സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

🔹ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെടുന്നു.

🔹അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ സന്നാഹമത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യുടെ എതിരാളി.

🔹പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉള്ളൊഴുക്ക്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വീടിനുമുന്നിലെ വെള്ളക്കെട്ടില്‍ മഴയത്ത് നില്‍ക്കുന്ന പാര്‍വതിയേയും ഉര്‍വശിയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. നുണകള്‍ മുങ്ങിപ്പോകും രഹസ്യങ്ങള്‍ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് ചിത്രം. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന വാചകങ്ങളോടുകൂടിയ പാര്‍വതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments