Thursday, September 3, 2026
Homeഅമേരിക്കദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

പ്രസാദ് തീയാടിക്കൽ

മൊണ്ടെറെ, മെക്‌സിക്കോ: ദൈവാലയ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി മെക്‌സിക്കോയിലെ മൊണ്ടെറെ അതിരൂപത. പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തിൽ ഒരുക്കിയ ‘ചാപ്പൽ ഓൺ വീൽസ്’ അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്.

ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാൻ വില്ലാഗ്രാൻ ഗ്വെറേറോ വ്യക്തമാക്കി.

18 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തിൽ ഒരേസമയം നാലുപേർക്ക് പ്രാർത്ഥിക്കാൻ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്. മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുൻഭാഗത്ത് ഡ്രൈവർ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്.

2026 ഓഗസ്റ്റ് 20-ന് മൊണ്ടെറെ ആർച്ച്‌ബിഷപ്പ് റോജെലിയോ കബ്രേര ലോപ്പസ് സഞ്ചരിക്കുന്ന ചാപ്പൽ ആശീർവദിച്ചു.

ദൈവാലയങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾക്കു പുറമേ ആശുപത്രികൾ, ദുരന്തബാധിത മേഖലകൾ, സുവിശേഷീകരണ പരിപാടികൾ, ധ്യാനങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലും ഈ മൊബൈൽ ചാപ്പലിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് പദ്ധതി.

‘ജനങ്ങൾ ദൈവാലയത്തിലേക്ക് എത്തുന്നതു മാത്രം കാത്തിരിക്കാതെ, ദൈവാലയം ജനങ്ങളിലേക്ക് എത്തുന്നു’ എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ മൊണ്ടെറെ അതിരൂപത പ്രാവർത്തികമാക്കുന്നത്. വിശ്വാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വ്യത്യസ്തമായ സുവിശേഷീകരണ സംരംഭത്തിന് ലഭിക്കുന്നത്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ