Saturday, October 17, 2026
Homeഅമേരിക്കതരൂരിന്റെ തമാശ ✍രാജു മൈലപ്രാ

തരൂരിന്റെ തമാശ ✍രാജു മൈലപ്രാ

രാജു മൈലപ്രാ✍

‘അത്തിപ്പഴം പഴുക്കുമ്പോൾ കാക്കക്കു വായിൽ പുണ്ണ്’- എന്നു പറഞ്ഞുപോലെയാണ് കേരളത്തിലെ കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥ. അടുത്തവരുന്ന പ്രാദേശിക തിരഞ്ഞെടുപ്പിലും, അസംബ്ലി ഇലക്ഷനിലും അധികാര ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അവർക്ക് അനുകൂലമാണ്. അതവരുടെ മേന്മ കൊണ്ടൊന്നുമല്ല. ഇപ്പോൾ നിലവിലുള്ള ഭരണവിരുദ്ധ വികാരം മൂലമാണ്.

അനുയായികളേക്കാൾ ഏറെ നേതാക്കന്മാരുള്ള ഒരു പ്രസ്ഥാനമാണ് കോൺഗ്രസ് പാർട്ടി. അതാണ് പ്രശ്നം. ഭരിക്കുവാനുള്ള ഭൂരിപക്ഷം ഏതാണ്ട് ഉറപ്പാണ് എന്നൊരു തോന്നൽ ഉണ്ടായപ്പോൾ തുടങ്ങിയാണ് ‘ആര് മുഖ്യമന്ത്രിയാകും?’ എന്നൊരു ചർച്ച. ഒളിഞ്ഞും തെളിഞ്ഞും പലരും കളത്തിലിറങ്ങിയിട്ടുണ്ട്.

സ്വാഭാവികമായും താനാണ് ആ പദവിക്ക് അർഹനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കരുതുന്നു. വളരെ ചെറുപ്പം മുതലേ കെ.പി.സി.സി പ്രസിഡൻ്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ള താനാണ് ആ സിംഹാസനത്തിൽ ആസന്നസ്ഥനാകാൻ പരമ യോഗ്യനെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. ‘എന്നെപ്പോലെ നല്ല നാലു വർത്തമാനം നേരെ നോക്കി പറയുവാൻ നിന്നക്കൊക്കെ നട്ടെല്ലുണ്ടോടാ?’ എന്ന ഗർജ്ജനവുമായി കണ്ണൂരിലെ കോൺഗ്രസ് കോട്ടയ്ക്ക് കാവൽ നിൽക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മസിലു പടിച്ച് നിൽക്കുന്നു. ഘടകകക്ഷിയിലെ മുസ്ളീം ലീഗ് നേതാവ് കുഞ്ഞാപ്പയ്ക്കും മുഖ്യമന്ത്രിക്കസേരയിലേക്കൊരു കണ്ണുണ്ട്.

‘ആ കട്ടില് കണ്ട് ആരും പനിക്കേണ്ട’ എന്ന താക്കീതുമായി ഹൈക്കമാൻഡ് ഗേറ്റ് കീപ്പർ കെ.സി വേണുഗോപാലും പടിവാതിക്കലുണ്ട്.

കോൺഗ്രസിൻ്റെ ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ രാഹുൽ ഗാന്ധിയാണ്. രാഹുല് തീരുമാനിക്കും, പ്രിയങ്ക സപ്പോർട്ട് ചെയ്യും, സോണിയാജി മൗന സമ്മതം മൂളും. അതാണ് ‘എല്ലാം ഹൈക്കമാൻഡ്’ തീരുമാനിക്കും എന്നു പറയുന്നതിന്റെ അർത്ഥം.

‘പോളിറ്റ് ബ്യൂറോയുടെ’ പ്രവർത്തനവും ഏതാണ്ട് ഇതേ രീതിയിലാണ്. താഴെത്തട്ടു മുതൽ ചർച്ചയോട് ചർച്ച അവസാനം നിർദേശങ്ങളെല്ലാം പോളിറ്റ് ബ്യൂറോയിലെത്തും..

‘ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട – സ്രാങ്ക് പറയും- നിങ്ങൾ അനുസരിക്കും.’ മുഖ്യൻ കണ്ണുരുട്ടും. അനുയായികൾ അഭിപ്രായമൊന്നും പറയാതെ പഞ്ചപുച്ഛമടക്കി എല്ലാം കേട്ട് തലകുലുക്കി സമ്മതിച്ച് സ്ഥലംവിടും.

അങ്ങിനെ കേരളത്തിലെ കോൺഗ്രസുകാർ തമ്മിലടിച്ചും, പാരവെച്ചും തട്ടീം മുട്ടീം ഒരുവിധമൊക്കെ കഴിഞ്ഞു പോരുകയായിരുന്നു.

അപ്പോഴാണ് നമ്മുടെ ‘വിശ്വപൗരൻ’ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ഒരു പ്രതലേഖനം എഴുതിയത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. ഈ സർക്കാരിൻ്റെ കാലത്ത് മൂന്നര ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് ഇവിടെ തുടങ്ങിയത്. ഇടത് സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ’.

ഇതു കേട്ട് തലയുള്ളവർ ചുറ്റുമൊന്ന് നോക്കിയിട്ട് തലതല്ലി ചിരിച്ചു. കോൺഗ്രസുകാർ ആദ്യമൊന്നും ഈ പ്രസ്താവന അത്ര ഗൗനിച്ചില്ല. പക്ഷെ കമ്യൂണിസ്റ്റുകാർ ഇത് ഏറ്റുപിടിച്ച് ആഘോഷിച്ചപ്പോഴാണ് ‘എവിടെയോ എന്തോ ഒരു പന്തികേട്’ എന്നവർക്ക് പിടികിട്ടിയത്.

തരൂര് പിടി ഒന്നുകൂടി മുറുക്കി: ‘കേരളത്തിലെ കോൺഗ്രസുകാർ എല്ലാം മണക്കൂസുകളാണ്. ഒരു നാറിക്കും നല്ല ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകില്ല. എല്ലാം തികഞ്ഞ ഒരു കോൺഗ്രസുകാരൻ ഞാൻ മാത്രം. എന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടൂ. എന്നാൽ വലിയ വിജയം സുനിശ്ചിതമാണെന്ന് പല അഭിപ്രായ സർവ്വെകളും ഊന്നിപ്പറയുന്നു.’

ഇതിങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ? അതുവരെ തമ്മിലടിച്ച് നടന്നവരെല്ലാം കൂടി, തരൂരിനെ എതിർക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി.

വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറഞ്ഞുപോലെ, തികച്ചും അനാവശ്യമായ കമന്റുകൾ അവസരത്തിൽ പടച്ചുവിടുന്നത് തരൂരിൻ്റെ ഒരു ഹോബിയാണ്.

സംഗതി കൈവിട്ട് പോയെന്ന് മനസ്സിലായപ്പോൾ, മണിമണി പോലെ ഇംഗ്ലീഷ് പേശുന്നു രാഹുൽജി, തരൂർജിയെ ചർച്ചയ്ക്കായി വിളിപ്പിച്ചു.

‘താനൊരു വലിയ സംഭവമാണെന്നും, തനിക്ക് വേണ്ടത്ര പരിഗണന പാർട്ടിയിൽ കിട്ടുന്നില്ലെന്നും, തന്റെ ഇംഗ്ളീഷ് ആർക്കും മനസ്സിലാകുന്നില്ലെന്നും’ തരൂർ ഉണർത്തിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പദമലങ്കരിക്കാൻ താനാണ് മറ്റാരെക്കാളും യോഗ്യൻ എന്ന് അദ്ദേഹം സമർത്ഥിച്ചു.

ഈ സംഭാഷണമെല്ലാം ഒളിഞ്ഞിരുന്ന് കേട്ട വേണുഗോപാൽജി പറയുന്നത്, രാഹുൽ മോൻ, തരൂരിനെ ഗെറ്റൗട്ട് അടിച്ചെന്നാണ്.

അസംതൃപ്താനായ തരൂർ പുറത്തിറങ്ങി പറഞ്ഞത്, ‘തൻ്റെ ഒരു പുല്ലും എനിക്ക് വേണ്ട- എന്റെ മുന്നിൽ ധാരാളം വഴികൾ തുറന്നുകിടപ്പുണ്ടെന്നാണ്.’

ഭരിക്കുന്ന പാർട്ടിയോട് ഒട്ടി നിൽക്കുന്നതാണ് ബുദ്ധി. കേരളത്തിലാണെങ്കിൽ നല്ല ഒന്നാന്തരം ഇംഗ്ലീഷ് പേശുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും, വാഴക്കുല ഡോക്ടറേറ്റ് നേടിയ യുവതിയുമുണ്ട്. ഒഴിവ് വേളകളിൽ അവരോട് കുശലം പറഞ്ഞിരിക്കാം. മന്ത്രിക്കസേര മോഹിച്ച് അങ്ങോട്ട് ചാടിയ ഡോ. സരിന്റേ്റേയും ഡോ. ജോ. ജോസഫിൻ്റേയും ഗതി വരാതിരുന്നാൽ മതിയായിരുന്നു.

ഒരുപക്ഷെ മൂർത്തമായ സാഹചര്യത്തിൽ, മൂർത്തമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടുമായിരിക്കും.

ബി.ജെ.പിയാണെങ്കിൽ വിശാലമായൊരു വേദിയാണ്. മോദിജി വിദേശ പര്യടനത്തിനു പോകുമ്പോൾ, കൂടെക്കൂടി, നല്ല കടിച്ചാൽ പൊട്ടാത്ത ഇംഗ്ളീഷ് പറഞ്ഞ്, ലോക നേതാക്കന്മാരെ ഞെട്ടിക്കാം.

പക്ഷെ, അവിടെ കാര്യങ്ങളൊക്കെ നല്ല സ്‌മൂത്തായി പോവുകാണ്. വെറുതെ വേലിയിലിക്കുന്നതിനെ എടുത്ത് അസ്ഥാനത്ത് വെക്കുവാൻ ബുദ്ധിരാക്ഷസനായ അമിത് ഷാ സമ്മതിക്കുമെന്ന് തോന്നുന്നില്ല,

ശരിക്കുമൊന്നാലോചിച്ചാൽ, തരൂരിന് പറ്റിയ തട്ടകം അമേരിക്ക തന്നെയാണ്. ഇവിടെ നമ്മൾ മലയാളികൾക്ക് ഫൊക്കാന, ഫോമാ എന്നീ രണ്ട് മഹത്തായ ദേശീയ സംഘടനകളുണ്ട്. ഒരേ ലക്ഷ്യം- ഒരേ മാർഗ്ഗം . രണ്ടു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികൾ ഇതിനോടകം തന്നെ അരയും തലയും മുറുക്കി ഗോദായിലിറങ്ങിക്കഴിഞ്ഞു. അണിയറയിൽ ചില വനിതാ രത്നങ്ങൾ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ രംഗപരവേശനം നടത്താൻ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന പിന്നാമ്പുറ വാർത്തയുമുണ്ട്.

ചെറിയ ചില നീക്കുപോക്കുകൾ നടത്തി, ഒരു സമവായമെന്ന രീതിയിൽ, ഈ രണ്ട് സംഘടനകളും കൂടി യോജിച്ച് നിന്ന് ബഹുമാനപ്പെട്ട ശശി തരൂരിനെ പ്രസിഡൻന്റായി തിരഞ്ഞെടുക്കുക. തലേന്നും, പിറ്റേന്നുമുള്ള രണ്ട് കൺവൻഷനുകൾക്കു പകരം ഒരു കൺവൻഷൻ മതി.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലായാൽ വളരെ നല്ലത്. കുഴപ്പമൊന്നുമില്ല. അപ്രതീക്ഷിതമായി ഇവിടെ ചിലപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കാറുണ്ടെന്ന് മാത്രം.

പിന്നെ വ്യക്തിപരമായി ഒരു കാര്യം: ഇന്റർവ്യൂ സമയത്ത് ചില സിനിമാ നടിമാർ, നെറ്റിയിൽ വീഴുന്ന മുടി പിന്നോട്ട് തട്ടിയിടുന്ന രീതിയിൽ തലയാട്ടുന്ന താങ്കളുടെ ആ ഒരു ആർട്ടിഫിഷ്യൽ സ്റ്റൈലുണ്ടല്ലോ- അതൊന്നു മാറ്റിപ്പിടിച്ചാൽ കുറച്ചുകൂടി ഒരു ഗൗരവം കിട്ടുമായിരുന്നു.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ