ഊണും ഉറക്കവും ഇല്ലാതെ എന്തൊക്കെയോ വാരിപ്പിടിച്ച് കൂടെ കൂട്ടാൻ വെമ്പൽ കൊള്ളുന്ന മനുഷ്യരായ നമ്മൾ ഓർക്കണം ഒരുനാൾ ജനിച്ചു ഇപ്പോൾ വളരുന്നു നാളെ മരിക്കുന്നു എന്ന സത്യം. ഓരോ ദിവസവും തിരക്കുപിടിച്ച ഓട്ടത്തിന് അവസാനം വിശ്രമിക്കാൻ ഇരിക്കുമ്പോൾ അൽപസമയം ശാന്തമായിരുന്ന് രാവിലെ ഉണർന്ന് എഴുന്നേറ്റത് മുതൽ ആ നിമിഷം വരെ ഉണ്ടായ കാര്യങ്ങളെ കുറിച്ച് ഒരു അവലോകനം നടത്തുന്നത് നല്ലതാണ്. മനസ്സിനെ ശാന്തവും ശീതളവുമാക്കി ശാന്തമായി ഇരിക്കുക. ഇന്ന് എന്തെല്ലാം സംഭവിച്ചുവൊ അതെല്ലാം ഓർത്തെടുക്കുക. അതിലെ നന്മകളും തിന്മകളും വേർതിരിച്ച് എടുക്കുക. നേട്ടങ്ങളും കോട്ടങ്ങളും നേടാൻ ഉള്ളതിനെക്കുറിച്ചും ചിന്തിക്കുക.അന്ന് ചെയ്തുകൂട്ടിയ അബദ്ധങ്ങളെക്കുറിച്ച് ചിന്തിച്ച് ചിരിക്കുക.
അതിനുശേഷം കണ്ണുകൾ അടച്ച് ഹൃദയത്തിലേക്ക് നോക്കി ഇരിക്കുക. ഹൃദയത്തിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ മുദ്രകൾ ഇവയെല്ലാം പിന്നിൽ കൂടി പുറത്തേക്ക് ഒഴുകിപ്പോകുന്നതും ആസ്ഥാനത്ത് ജ്വലിക്കുന്ന പ്രഭ നിറഞ്ഞ് ഹൃദയം ശുദ്ധീകരിക്കുന്നത് സാക്ഷി ഭാവത്തിൽ കണ്ടിരിക്കുക. അപ്പോൾ അനുഭവിക്കുന്ന ശാന്തതയ്ക്കും, സന്തോഷത്തിനും ഈശ്വരനോട് നന്ദി പറയാം. ദിവസവും 15 മിനിറ്റ് ഇതിനായി മാറ്റിവയ്ക്കാം.
ഒരു യോഗത്തിൽ ഉദ്ഘാടകനും അദ്ധ്യക്ഷനും മുഖ്യപ്രഭാഷകനും പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ശ്രോതാക്കളിൽ ഒരു ചലനവും പ്രത്യേകിച്ച് ഉണ്ടായില്ല. അവരുടെ എല്ലാം പ്രസംഗങ്ങൾ കഴിഞ്ഞപ്പോൾ, ഒരാൾ വേദിയിലേക്ക് കയറിച്ചെന്ന് സദസ്സിനോട് രണ്ടു വാക്ക് പറയാൻ എന്നെ അനുവദിക്കണമെന്ന് പറഞ്ഞ് അദ്ദേഹം തുടർന്നു.
മനുഷ്യന്റേത് ജീവിതമാണ്. പരീക്ഷിക്കപ്പെടും പരാജയപ്പെടും പിൻതള്ളപ്പെടും പരിഹസിക്കപ്പെടും. മനുഷ്യനാണ് മറികടക്കണം വിജയിക്കണം. തോൽവിക്ക് ശേഷമേ വിജയം ഉണ്ടാകു.പരാജയം ജീവിതത്തിന്റെ തുടക്കം മാത്രം. ഇത്രയും പറഞ്ഞ് അദ്ദേഹം തദസ്സിന് കൂപ്പു കൈ കൊടുത്തു. വേദിയിലും സദസ്സിലും ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ആ ചെറിയ സന്ദേശത്തിന്റെ ഉള്ളടക്കം അത്രമാത്രം മനോഹരമായിരുന്നു.
ഒരു ആശ്രമത്തിലെ ശിഷ്യൻ അവിടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് അഗാധമായ ജ്ഞാനം നേടിയെന്ന് സ്വയം വിലയിരുത്തി. പലരുമായി പല കാര്യങ്ങളെ കുറിച്ചും നടന്ന തർക്കങ്ങളിൽ ഏർപ്പെട്ട് വിജയിച്ചു. ഒരു ദിവസം ആശ്രമത്തിലെ ഗുരു അയാളെ വിളിച്ച് പറഞ്ഞു. ഇപ്പോൾ നേടിയ അറിവുകൾ ഒന്നും പോരാ. ആത്മജ്ഞാനം നേടണമെങ്കിൽ ഒരു സഞ്ചാരിയായി യാത്ര ചെയ്യണമെന്ന് പറഞ്ഞു. ശിഷ്യൻ യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പായി,യാത്രാ വിശേഷങ്ങൾ മാസത്തിലൊരിക്കൽ ഗുരുവിനെ അറിയിക്കണം എന്ന് പറഞ്ഞിട്ടാണ് യാത്രയാക്കിയത്.
ഒരു മാസം കഴിഞ്ഞപ്പോൾ ശിഷ്യൻ ഗുരുവിന് എഴുതിയ കത്തിൽ ഇപ്രകാരം എഴുതി. ഒരു മാസം കൊണ്ട് ഞാൻ പല ദേശങ്ങളിൽ കൂടിയും സഞ്ചരിച്ചപ്പോൾ എന്റെ ചിന്തകൾക്ക് വികാസം സംഭവിച്ചുകൊണ്ടിരിക്കുന്നു.മെല്ലെ പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാൻ ഞാൻ ആരംഭിച്ചിരിക്കുന്നു. അടുത്തമാസം എഴുതി. ഈശ്വരൻ സർവ്വ ചരാജരങ്ങളിലും ആന്തരികമായി വസിച്ചുകൊണ്ടിരിക്കുന്ന അദൃശ്യമായ പ്രതിഭാസമാണെന്ന് ഞാൻ അറിയുന്നു. അടുത്ത കത്തിൽ എഴുതി നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും ഒരു ചങ്ങല പോലെ ഒന്ന് മറ്റൊന്നുമായി ബന്ധിച്ചിരിക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ആ കരുണാമയന്റെ അനുവാദം കൂടാതെ ഒന്നും ചലിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. അടുത്ത കത്തിൽ എഴുതി. ആത്മാവ് ഏകമാണ് അതിന് ജനനമൊ മരണമൊഇല്ല മനസ്സ് മാത്രമാണ് ചലനാന്മകമായിട്ടുള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു. അയച്ച കത്തുകൾ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഗുരുവിന് സന്തോഷമായി.



