Saturday, June 6, 2026
Homeഅമേരിക്കശുഭചിന്ത - (140) പ്രകാശഗോപുരങ്ങൾ - (116) 'ശരിയായ ആസൂത്രണത്തിൻ്റെ പ്രസക്തി' ✍പി....

ശുഭചിന്ത – (140) പ്രകാശഗോപുരങ്ങൾ – (116) ‘ശരിയായ ആസൂത്രണത്തിൻ്റെ പ്രസക്തി’ ✍പി. എം.എൻ.നമ്പൂതിരി

ശരിയായ ആസൂത്രണത്തിൻ്റെ പ്രസക്തി
——————————————-

“സുനിശ്ചിതമായ ലക്ഷ്യത്തെ ഉദ്ദേശിച്ചുള്ള ശക്തവും സുസജ്ജവുമായ പ്രവർത്തനം ലക്ഷ്യപ്രാപ്തിക്കുള്ള ഉറച്ച പ്രചോദനം അർജ്ജിക്കുവാൻ സഹായകരമായവിധത്തിൽ നമ്മുടെ കഴിവുകളെ കേന്ദ്രീകരിക്കും.” 

(ലിയാൻർഡോ ഡാവൻജി)

ഒരു ജന്മം മാത്രമേ ഉള്ളൂ എന്നതുകൊണ്ടും അതു വളരെ ഹ്രസ്വമാണെന്നതുകൊണ്ടും കർമ്മമണ്ഡലത്തിൽ പരമാവധി വിജയം നേടണമെന്ന് നമ്മൾ ചിന്തിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷെ, നിർഭാഗ്യമെന്നു പറയട്ടെ, ജീവിതം മൊത്തത്തിൽ ഒരു കളിയാണെന്ന മട്ടിൽ ഭാഗ്യപരീക്ഷണങ്ങൾ നടത്തുകയാണ് നമ്മളിൽ ബഹുഭൂരിഭാഗവും ചെയ്യാറുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആളുകൾ ജോലി സാദ്ധ്യതകളെക്കുറിച്ചൊന്നും മുൻകൂട്ടി ധാരണയില്ലാതെ ഏതേങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ പഠിക്കാൻ ചേരുന്നു. ബിരുദം അത്യാവശ്യമാണോ അല്ലയോ, ആണെങ്കിൽതന്നെ ഏതു വിഷയത്തിലാണ് ഡിഗ്രി ചെയ്യേണ്ടത് എന്നൊന്നും ചിന്തിക്കാതെ പഠിക്കാൻ ചേരുന്നു. പലപ്പോഴും വലിയ പ്രാധാന്യമോ ഡിമാൻഡോ ഇല്ലാത്ത വിഷയമായിരിക്കാം തിരഞ്ഞെടുത്തിട്ടുണ്ടാകുക. അങ്ങനെ ആ വിഷയം പഠിക്കാനായി നമ്മുടെ വിലയേറിയ സമയവും മാതാപിതാക്കളുടെ ബുദ്ധിമുട്ടിക്കുണ്ടാക്കിയ ധനവും ദുർവ്യയം ചെയ്യേണ്ടതായി വരുന്നു.

പിന്നീട് തങ്ങളുടെ അഭിരുചി ഏതു കാര്യത്തിലാണെന്ന വ്യക്തമായ ധാരണയില്ലാതെ പല ചെറുപ്പക്കാരും ആദ്യം ലഭിക്കുന്ന തൊഴിലിലേയ്ക്ക് പ്രവേശിക്കുന്നു. പിന്നീട് മറ്റൊന്നു സ്വീകരിക്കുന്നു. അങ്ങനെ തുച്ഛമായ ശബളവർദ്ധന നോക്കി പല രംഗത്തേക്കും കടക്കുന്നു. പക്ഷെ ഒന്നിലും കാര്യമായ പുരോഗതി നേടാനും കഴിയുന്നില്ല. ഒന്നു നാം ചിന്തിക്കുക! എന്താണ് നമ്മുടെ ജീവിതോദ്ദേശം? നമുക്ക് അഭിരുചി ഇല്ലാത്തതും നമ്മുടെ ആജീവനാന്ത താല്പര്യങ്ങൾക്കുതകാത്തതുമായ തൊഴിലുകൾ ചെയ്ത് വൻശമ്പളം കൈപ്പറ്റുന്നത് മാത്രമാണോ നമ്മുടെ ലക്ഷ്യം? നമ്മുടെ താല്പര്യങ്ങൾക്കും അഭിരുചിക്കും ഇണങ്ങുന്ന ഒരു തൊഴിൽ തന്നെ തിരഞ്ഞെടുത്താലും മത്സരത്തിനുള്ള അവസരം, സാമ്പത്തികവും അല്ലാത്തതുമായ പുരോഗതിക്കുള്ള സാദ്ധ്യത, തൊഴിൽ രംഗത്തുണ്ടാകാവുന്ന വിഘ്നങ്ങൾ സഹിക്കാൻ നമുക്കുള്ള കരുത്ത് തുടങ്ങി അനവധി ഘടകങ്ങൾ കണക്കിലെടുക്കണം.

ഇതിനൊക്കെ ഉപരിയായി ഏതുതരത്തിലുള്ള പുരോഗതിയാണ് നമുക്ക് ഇണങ്ങുന്നതെന്ന് ആദ്യം തീരുമാനിക്കണം. തിരശ്ചീനമോ ലംബമോ? തിരശ്ചീനമായ പുരോഗതി വളരെ വിശാലമായ മേഖലയിൽ സ്വാധീനം നേടിത്തരുന്നു. പക്ഷെ, അതുകൊണ്ട് ഉദ്യോഗസ്ഥശ്രേണിയിൽ നമുക്ക് ഉയർച്ച ഉണ്ടാകണമെന്നില്ല. ഉദാഹരണമായി: “ഒരു പത്രപ്രവർത്തകൻ ഒരു പത്രത്തിലും പിന്നീട് മാസികയിലും അതിനുശേഷം ഒരു വാർത്താ ഏജൻസിയിലും ജോലി ചെയ്ത് വേണ്ടത്ര പരീശീലനവും തൊഴിൽസ്വാധീനവും നേടാം. പക്ഷെ, ഇതിലൊന്നിൻ്റെയും തലപ്പത്ത് അയാൾ എത്തണമെന്നില്ല. എന്നാൽ അതിനുപകരം അടിത്തട്ടിൽനിന്നും ഓരോ പടികളായി കയറി ഉദ്യോഗസ്ഥശ്രേണിയുടെ തലപ്പത്തെത്തുന്നതാണ് ലംബമായ പുരോഗതി.

ഇനി വിവാഹത്തെ സംബന്ധിച്ചു പറയുകയാണെങ്കിൽ, വിവാഹം കഴിക്കേണ്ട ഘട്ടം ഏതെന്ന് നിശ്ചയമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. വളരെ നേരത്തേയുള്ള വിവാഹം ചിലപ്പോൾ നമ്മുടെ തൊഴിൽരംഗത്തെ പുരോഗതിയെ തടസ്സപ്പെടുത്താം. പക്ഷെ, ചിലപ്പോഴൊക്കെ മറിച്ചും സംഭവിക്കാം. വിജയകരമായ ഒരു ദാമ്പത്യ ബന്ധം ജീവിതപുരോഗതിയെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകമായും പ്രവർത്തിക്കാം.

നമ്മുടെ ജീവിതപുരോഗതിയുടെ ഒരു രൂപരേഖ ശ്രദ്ധയോടെയും ഭദ്രമായും ഭാവനയോടെയും വരച്ചെടുക്കുന്നതിനുള്ള കഴിവിനോടൊപ്പംതന്നെ പെട്ടെന്നുള്ള പ്രചോദനത്തിൻ്റെ ആവേശത്തിൽ വലിയ സംരംഭങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതിനുള്ള വിവേകവും ആവശ്യമാണ്.

ഒരു സംഘടനയുടെ കാര്യനിർവ്വഹണ സമിതിയിലെക്ക് ഭാരവാഹികളാകാൻ പലർക്കും താല്പര്യമുണ്ടാകാം. പക്ഷെ ചുമതല കളേറ്റെടുക്കാനുള്ള സന്നദ്ധതയോ പ്രാപ്തിയോ ഇല്ലാത്ത ഏറെ ആളുകൾക്ക് ഭാരവാഹികളായി തിളങ്ങണമെന്നുള്ള വ്യഗ്രത കാണാം. അത്തരം വ്യക്തികളെ ഭാരവാഹികളാക്കി ഒരു പ്രോഗ്രാം സഘടിപ്പിച്ചാൽ അത് അലങ്കോലപ്പെടുമെന്ന് മാത്രമല്ല വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും. അതുപോലെതന്നെ ബുദ്ധിമുട്ടുകളും പണച്ചെലവും കണക്കിലെടുക്കാതെ ആഘോഷിങ്ങളും മേളകളും സഘടിപ്പിക്കാൻ ഒരു സുപ്രഭാതത്തിൽ ചിലർ തീരുമാനിക്കുന്നു. ഒന്നു മനസ്സിലാക്കുക! പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഏതു പരിപാടിയും വൈകല്യങ്ങളൊന്നുംതന്നെ കൂടാതെ നടപ്പാക്കാൻ ശ്രമിക്കണം. എത്രയായാലും കടുത്ത ബുദ്ധിമുട്ടുകളും വൻ ധനച്ചെലവും വഹിച്ചിട്ട് അപഹാസ്യരാകുന്നതിൽ ഒരു അർത്ഥവുമില്ല. ഈ കാര്യത്തിൽ ഏറെ വർഷങ്ങളുടെ സൂക്ഷ്മമായ ആസൂത്രണങ്ങൾ കൊണ്ട് വൻ വിജയമാക്കിത്തീർക്കുന്ന ഒളിംപിക്സിനെക്കുറിച്ച് ഓർക്കാവുന്നതാണ്.

ഒരു വർഷത്തേക്കാണ് നിങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്കിൽ ധ്യാന്യം വിതക്കുക., പത്തു വർഷത്തേയ്ക്കാണെങ്കിൽ വൃക്ഷങ്ങൾ നടുക. നൂറ് വർഷത്തേയ്ക്കാണെങ്കിൽ മനുഷ്യരെ സൃഷ്ടിക്കുക എന്ന ചൈനീസ് പഴമൊഴി എത്ര അർത്ഥവത്താണ്.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com