ഓണവില്ലൊളി ഉയരുകയായി,
ഓണപ്പൂവുകളുണരുകയായി,
ഓണനിലാവിൽ കുതിരുകയായി,
ചിങ്ങപ്പുലരി പിറക്കുകയായി.
കർക്കിടകത്തിൻ കരിവദനം പോയ്,
പൂക്കളമെഴുതി തെളിവാനം;
ശ്രാവണമുഖശ്രീ തെളിയുന്നു,
പൂക്കൂട നിറയുന്നു പൂവിളിയുയരുന്നു!
വാരൊളി വിതറി മാനത്ത്,
പനിമതി പുടവ നെയ്യുകയായി;
നിറതിരി നീട്ടി കതിരോനും
പാരിനെ തഴുകിയുണർത്തുകയായി.
കതിർമണി കൊയ്യാൻ പാടത്ത്
മാടത്തകളും മൈനകളും;
ഓണപ്പൊട്ടനുമോണത്താറും
അത്തവുമിത്തിരി തുമ്പപ്പൂവും.
ഓണപ്പാട്ടുകളുയരുന്നു,
അതിനലയൊലിയെങ്ങും നിറയുന്നു;
കേരള കാർഷിക സമ്പന്നതയുടെ
പത്തായപ്പുര നിറയുകയായി,
ഓണസദ്യയൊരുങ്ങുകയായി.
തൊടിയിലെ മാവിൻ കൊമ്പിൽ
തെന്നൽ
ഊയലാടി വിളിക്കുകയായി;
ഉണ്ണികളുണ്ണിക്കൈകൾ കൊട്ടി
തരിവള തുമ്പി തുള്ളുകയായി.
ഓലേഞ്ഞാലിയും ഓണക്കിളിയും
തൊടിയിൽ താളമുണർത്തുകയായി;
കാതര മിഴിയാൾ കാക്കപ്പൂവവൾ
കരിമിഴിയെഴുതി കാലത്ത്.
ഇല്ലം നിറ.. വായോ.. വായോ!
വല്ലം നിറ.. വായോ.. വായോ..
ഓണം വന്നേ.. പൊന്നോണം വന്നേ!
ഇല്ലം നിറ.. വായോ.. വായോ!
വല്ലം നിറ.. വായോ.. വായോ..
ഓണം വന്നേ.. പൊന്നോണം വന്നേ..



