വൈസ്മെൻസ് ക്ലബ് ഓഫ്ഗ്രേറ്റർ ഫിലഡൽഫിയ, ഫ്രണ്ട്സ് ഫിറ്റനസ്, ഫ്രണ്ട്സ് റൺ ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട Miles 4 Smiles 5k വൻ വിജയം ആയി. സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് നേഷാമിനി സ്റ്റേറ്റ് പാർക്കിലാണ് ഈ ദീർഘദൂര ഓട്ടം നടന്നത്. ഈ സംഘടനകൾ സംയുക്തമായി ആദ്യമായി നടത്തുന്ന ഈ മത്സരത്തിന് ഏതാണ്ട് 350 പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്.

മത്സരത്തിൻ്റെ ആദിയോടന്തം സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള പ്രമുഖർ പങ്കെടുത്തു. പ്രശസ്ത മലയാളം യുട്യൂബർ സുജിത് ഭക്തൻ്റെ സാന്നിധ്യം ശ്രദ്ധേയമായി. ബൻസേലം കോമൺ കോർട്ട് ജഡ്ജ് മൈക്ക് ഗാലഗർ, സ്കൂൾ ബോർഡ് മെമ്പർ സ്റ്റെഫനി ഗൊൺസാലസ്, ബക്ക്സ് കൗണ്ടി കമ്മീഷണർ ഡയേൻ മാഴ്സാഗ്ലിയ, ഇപ്പോൾ ബക്ക്സ് കൗണ്ടി ഷെരീഫ് സ്ഥാനത്തേക്ക് മത്സരിയ്ക്കുന്ന ഡാനി സീസ്ലർ, മുൻ സോളിസിറ്റർ ജോ ഖാൻ തുടങ്ങിയവരോടൊപ്പം അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പ്രതിനിധി ആയി മൊണിക്ക് റിയോട്ടോയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സ്റ്റേറ്റ് റെപ്പ് താരിഖ് ഖാൻ നൽകിയ ഔദ്യോഗിക അംഗീകരണ പത്രം ചടങ്ങിൽ വായിച്ചു.

മി. ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് നടന്ന മൽസരത്തിൽ വിജയികളായവർക്ക് ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഓവറോൾ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളോടൊപ്പം യഥാക്രമം $300, $150, $50 എന്നിങ്ങനെ ക്യാഷ് അവാർഡുകളൊണ് നൽകിയത്. പത്തു വയസുകൾ കൂടുന്ന ഓരോ ഏജ് ഡിവിഷനും ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് റാഫിൾ നറുക്കെടുപ്പിൽ രജിസ്റ്റർ ചെയ്ത 6 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.

സംഘടനാ മികവു കൊണ്ടും പ്രായ ഭേദമെന്യേയുള്ള പങ്കാളിത്തം കൊണ്ടും തികച്ചും വേറിട്ടു നിന്ന ഒരു മത്സരം ആയി മാറി Miles 4 Smiles.
Dr. Umar Farooq, Dr. Iftikar Chaudhry എന്നിവർ മുഖ്യ സ്പോൺസർമാരായും മറ്റ് പതിനേഴോളം വിവിധ വ്യവസായ പ്രമുഖർ സ്പോൺസർമാരായും എത്തിയ ഈ പ്രോഗ്രാം സാമ്പത്തികമായും വൻ വിജയമായിരുന്നു. ചെലവു കഴിഞ്ഞുലഭിയ്ക്കുന്ന തുക അമേരിയ്ക്കൻ കാൻസർ സൊസൈറ്റിയ്ക്ക് കൈമാറുമെന്ന് റേസ് ഡയറക്ടർമാരായ മി. ബിനു സി. തോമസ്, മി. സന്ദീപ് മാത്യൂസ് എന്നിവർ അറിയിച്ചു. വിവിധ തലങ്ങളിലുള്ള വ്യക്തികളെ ഏകോപിപ്പിച്ചു പ്രവർത്തിയ്ക്കാനായതാണ് ഈ വിജയത്തിനു കാരണമെന്ന് വൈസ്മെൻസ് പ്രസിഡൻ്റ് മി. ലിജോ ജോർജ്ജ്, ഫ്രണ്ട്സ് ഫിറ്റ്നസ് ഡയറക്ടർ മി. സുബിൻ ഏബ്രഹാം, റൺ ക്ലബ് ഡയറക്ടർ മി. ജിമ്മി കോശി എന്നിവർ അറിയിച്ചു.

വൈസ്മെൻ ട്രഷറാർ മി. ജയ്സൺ ഫിലിപ്പ് ആണ് വരവു ചെലവു കണക്കുകൾ കൈകാര്യം ചെയ്തത്. റിസൾട്ട് വിവരങ്ങളും കൂടുതൽ ഫോട്ടോകളും Miles 4 Smiles FB പേജിൽ ലഭ്യമാണ്. സ്പോൺസർമാരുടേയും പങ്കെടുത്തവരുടേയും അഭ്യർത്ഥന പ്രകാരം തുടർന്നുള്ള വർഷങ്ങളിലും Miles 4 Smiles 5K നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മി. ബിനു സി. തോമസ്, മി. സന്ദീപ് മാത്യൂസ് എന്നിവർ അറിയിച്ചു.



