ഓണസദ്യയും കഴിഞ്ഞ് വരാന്തയിലെ കസേരയില്‍ ചെറുതായി പെയ്യുന്ന മഴയെ നോക്കിയിരുന്നു .ഭാര്യയും മക്കളും അവളുടെ വീട്ടില്‍ പോയി.
പുറത്തെങ്ങും ഓണാഘോഷങ്ങളില്ല. സ്വീകരണമുറിയിലെ ടിവിയിലാണ് ഓണാഘോഷം. രാവിലെ ഓണക്കോടിയുടുത്തു കുറെ ഫോട്ടോയെടുത്തു.അതെല്ലാം ഫെയ്സ് ബുക്കിലും വാട്സപ്പ് സ്റ്റാറ്റസും സ്റ്റോറിയുമായി ഇടണം. കുറെ ലൈക്കും കമന്‍റും വാങ്ങണം അത്ര തന്നെ…
മുറ്റത്തെ മണലില്‍ ആരോ നടക്കുന്ന പോലൊരു ശബ്ദം .മുറ്റത്തൊരാള്‍ ഓലക്കൂടയും ചൂടി ചാറ്റല്‍ മഴയില്‍ നനഞ്ഞ് താടികൂട്ടിയിടിച്ചു നില്‍ക്കുന്നു.
ഒരു ആറ് ആറര ഏഴ് ഏഴരയടിയോളം പൊക്കം അതിനടുത്ത വണ്ണം ഒരു നൂറ് നൂറ്റെണ്‍പതു കിലോയില്‍ കുറയാത്ത തൂക്കവും കാണും.
ഇതാരപ്പാ..?
വായ പൊളിച്ചിരിയ്ക്കുന്ന എന്നെ നോക്കി വന്നയാള്‍
മനസ്സിലായില്ലേ..?
ഇല്ല.
ഞാന്‍ മഹാബലി ചക്രവര്‍ത്തി..
ഓ…പിന്നേയ്..
സത്യം..
ഞാന്‍ കലണ്ടറിലും ചിത്രങ്ങളിലും കണ്ട രൂപവുമായി യാതൊരു ബന്ധവുമില്ല. രത്നങ്ങള്‍ പതിച്ച കിരീടമോ വലിയ കമ്മലുകളോ പുക്കിള്‍ കുഴിമുട്ടി കിടക്കുന്ന ആഭരണങ്ങളും ഇല്ല. മുഖത്ത് വലിയൊരു കൊമ്പന്‍മീശ മാത്രം എന്‍റെ സങ്കല്‍പ്പവുമായി ടാലിയാകുന്നുണ്ട്.
വായും പൊളിച്ചു നില്‍ക്കുന്ന എന്നെ നോക്കി
ഞാന്‍ കേറിയിരിയ്ക്കട്ടോ..?
ആം…
ദൈവമേ ഇങ്ങേരെ എവിടെ ഇരുത്തും..?
വരാന്തയില്‍ ആകെ ഞാനിരിക്കുന്നതും കൂടാതെ രണ്ട് മൂന്ന് പ്ളാസ്റ്റിക് കസേരകൂടിയുമേയുള്ളൂ അത് ഇന്‍സ്റ്റാള്‍ മെന്‍റ്കാരന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ് പൈസ അടച്ചു തീര്‍ത്തിട്ടു കൂടിയില്ല.
ഓണസദ്യ കഴിഞ്ഞോ..?
കഴിഞ്ഞു ..
വിശക്കുന്നല്ലോ..?
കുറച്ചു കാണും എടുക്കട്ടെ…
മാവേലി തലയാട്ടി.
അകത്തേയ്ക്കിരുന്നാലോ..?
വേണ്ട ഇവിടിരിയ്ക്കാം
തറയില്‍ ആ വലിയ ശരീരം ഒരു സര്‍ക്കസഭ്യാസിയെപ്പോലെ വളച്ച് . മാവേലി തറയില്‍ ചമ്രം പടിഞ്ഞിരുന്നു. മുട്ടും മുതുകും വളയാത്ത ഞാനത് കണ്ട് കൊതിയോടെ നിന്നു. അടുക്കളയില്‍ നിന്നും വിഭവങ്ങള്‍ വന്നു തുടങ്ങി.
ചോറ്, കറികള്‍, പായസം സ്റ്റീല്‍ പ്ളേറ്റിലേയ്ക്ക് നല്ല വെളുത്ത ചോറ് വിളമ്പി.
റേഷനരിയായല്ലേ…?
ആം..
ഓ ഓണമുണ്ണനേല്‍ അരി ആന്ധ്രയില്‍ നിന്നും വരണമല്ലോ അല്ലേ…?
തൂശനില..?
ഞാന്‍ തെക്കുവടക്ക് നോക്കി പറമ്പിലെങ്ങും വാഴയില്ല…ഇലയും.
അവിയലില്ലേ… ?
പച്ചക്കറി വണ്ടി തമിഴ് നാട്ടില്‍ നിന്നും വന്നില്ല മഴ…
പപ്പടം.. ?
ചുട്ടുതരട്ടെ…?വെളിച്ചണ്ണയ്ക്ക് നാനൂറ്റിയമ്പത്….
കടുക് താളിച്ചില്ലേ…?
അതിനു മറുപടിയായി നാണം കെട്ടൊരു ചിരിചിരിച്ചു.
പഴം…?
അതില്‍ നിറയെ കല്ല്..തമിഴ് നാട്ടിലെയാ…
പായസം ?
തേങ്ങായ്ക്ക് ഭയങ്കര വില അതുകൊണ്ട്…. ചെറുതായിട്ട് ശര്‍ക്കര കലക്കി..
ഏത്തക്ക ചിപ്സ്…? ചക്കരവരട്ടി..?
എണ്ണവില…
ഓ…സോറി അളിയാ ..
കഴിച്ചു കൈയ്യും കഴുകി എണീറ്റു അദ്ധേഹം എന്തോ പ്രതീക്ഷിച്ചു നില്‍ക്കും പോലെ..
എന്തു പറ്റി തിരുമേനി..?
ഒന്നുമില്ല ഏമ്പക്കം വന്നില്ല..
ശരി എന്നാ ഞാനിറങ്ങട്ടെ ?ഇനിയും കുറേക്കൂടി പോകണം.
സദ്യ എങ്ങിനുണ്ടായിരിന്നു..?
അതു പറയാതിരിയ്ക്കുന്നതാ ഭേദം…
മാവേലി വാരാന്തയില്‍ നിന്നും ഓലക്കുടയെടുത്തു.
മാവേലി ആഭരണങ്ങള്‍..?കിരീടം..?
കൊണ്ടു വന്നില്ല .
ഇവിടുത്തെ ഒരു സ്വര്‍ണ്ണവില.. ആരേലും കഴുത്തിന് കുത്തിപ്പിടിച്ച് ഊരിയാലോ…
പട്ടുടയാടകള്‍..?
പതിനട്ടിലെ പ്രളയ സമയത്ത് വന്നിട്ട് അതും ഊരിക്കൊടുത്താ പോയത്..
പിന്നത്തെ വരവില്‍ പതിനാലുദിവസം ക്വാറന്‍റയിന്‍ ഗവഃഹോസ്പിറ്റലില്‍. കഴിഞ്ഞ തവണത്തെ വരവില്‍ തെരുവുപട്ടികള്‍ വളഞ്ഞിട്ടുള്ള കടി… എന്നാലിറങ്ങട്ടെ…
ശരി അടുത്ത തവണ വരുമ്പോള്‍ കാണാം…
സാധ്യത കുറവാ…
ചാറ്റമഴയിലൂടെ ഓലക്കുടയും ചൂടി ചെളിനിറഞ്ഞവഴിയിലൂടെ വളവുവരെ അദ്ധേഹം നടന്നു പോയി..
വളവില്‍ വച്ചദ്ധേഹത്തെ കാണാതായി…!!



