Friday, October 9, 2026
Homeഅമേരിക്കകെ.എച്ച്.എൻ.എ വേദ പഠനകളരിക്ക് ഭക്തിനിർഭരമായ തുടക്കം

കെ.എച്ച്.എൻ.എ വേദ പഠനകളരിക്ക് ഭക്തിനിർഭരമായ തുടക്കം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) , കേരളത്തിലെ  ഗായത്രി ഗുരുകുലവുമായി  സഹകരിച്ച് ആരംഭിച്ച  ഓൺലൈൻ വേദ പഠനകളരിക്ക്  ഭക്തിനിർഭരമായ തുടക്കമായി. ഗുരുകുലാചാര്യൻ  ഡോ. അരുൺ പ്രഭാകരന്റെ  മഹനീയ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു.

കെ.എച്ച്.എൻ.എ പ്രസിഡന്റ്  ടി. ഉണ്ണികൃഷ്ണന്റെ  അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം, രേവതി സന്ദീപിന്റെ ഭക്തിഗാനാലാപനത്തോടെയും ശാലിനി ഷാജീവ് ഭദ്രദീപം തെളിയിച്ചതോടെയും ആരംഭിച്ചു.

അമ്പത്തിരണ്ട് പ്രതിവാര ക്ലാസുകളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനപരമ്പരയുടെ ആമുഖപ്രഭാഷണം നടത്തിയ ഡോ. അരുൺ പ്രഭാകരൻ, സനാതനധർമ്മത്തിന്റെ അടിസ്ഥാനശിലയായ വേദങ്ങളുടെ കാലാതീതവും സർവലൗകികവുമായ പ്രസക്തി വിശദീകരിച്ചു. ഭാരതീയ ധർമ്മദർശനത്തിന്റെ വേരുകൾ ചതുർവേദങ്ങളിലാണെന്നും ലോകം അംഗീകരിക്കുന്ന ശാസ്ത്രങ്ങൾ, കലകൾ, സംഹിതകൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയുടെ അടിസ്ഥാന സ്രോതസ്സ് വേദങ്ങളായതിനാലാണ് ഭാരതീയ സംസ്കാരത്തെ  വൈദിക സംസ്കാരം  എന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമുനിയുടെ  നാട്യശാസ്ത്രവും , ചരകനും ശുശ്രുതനും രൂപപ്പെടുത്തിയ  ആയുർവേദ സംഹിതകളും  വേദപാരമ്പര്യത്തിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഗ്വേദം അഗ്നിസൂക്തത്തോടെ ആരംഭിക്കുന്നതിന്റെ ആത്മീയ അർത്ഥവും അദ്ദേഹം വിശദീകരിച്ചു.

“വേദം വെറും വാക്കുകളല്ല; അത് മന്ത്രങ്ങളാണ്. ആ മന്ത്രങ്ങളുടെ ശരിയായ പഠനവും പരിശീലനവും ആചരണവുമാണ് ഈ പഠനകളരിയിലൂടെ ലക്ഷ്യമിടുന്നത്,”  എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃക പിന്തുടരുന്ന ഈ പഠനപദ്ധതിയിൽ  ആചാര്യനും അന്തേവാസിയും  തമ്മിലുള്ള ആത്മീയ ബന്ധത്തിനാണ് പ്രാധാന്യമെന്നും, ക്ലാസുകളുടെ ശിഷ്ടാചാരവും പഠനക്രമവും അദ്ദേഹം വിശദീകരിച്ചു.

അധ്യക്ഷപ്രസംഗത്തിൽ കെ.എച്ച്.എൻ.എ പ്രസിഡന്റ്  ടി. ഉണ്ണികൃഷ്ണൻ , വേദ പഠനകളരി ഒരു പഠനപദ്ധതി മാത്രമല്ലെന്നും, ഭൗതിക ജീവിതത്തിലെ വിജയത്തോടൊപ്പം ആത്മീയ വളർച്ചയും ആത്മാന്വേഷണവും കൈവരിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുന്ന ഒരു ദീർഘകാല സംരംഭമാണെന്നും പറഞ്ഞു. സനാതനധർമ്മത്തിന്റെ ശാശ്വതമായ അറിവ് പ്രവാസി കുടുംബങ്ങളിലേക്കും പ്രത്യേകിച്ച് പുതുതലമുറയിലേക്കും എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയുടെ ദേശീയ പദ്ധതികൾ വിവിധ റീജിയണുകളുടെ നേതൃത്വത്തിൽ കൂടുതൽ സജീവമാക്കുക എന്ന ദർശനത്തിന്റെ ഭാഗമായാണ് ഈ സംരംഭത്തിന്റെ ചുമതല ജോർജിയ–അറ്റ്ലാന്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയൻ ഏറ്റെടുത്തതെന്നും, ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന  റീജിയണൽ വൈസ് പ്രസിഡന്റ് ഷാജീവ് പദ്മനിവാസ്, സ്പിരിച്വൽ ചെയർ സംഗീത ചന്ദ്രൻ, റീജിയണൽ സെക്രട്ടറി രേഖ രാജീവ്  എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഗായത്രി ഗുരുകുലത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുകുലം വക്താവും ഉപാധ്യായയുമായ  ഗായത്രി രാജൻ  വിശദീകരിച്ചു. ദേശത്തും വിദേശത്തുമായി വേദപ്രചാരണം ലക്ഷ്യമിട്ട് ഷൊർണൂരിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ ആഗമവിധിപ്രകാരം സ്ഥാപിതമായ ഗായത്രി ഗുരുകുലത്തിന്റെ പ്രവർത്തനങ്ങളും, ഗായത്രി ശക്തിപീഠം സംഘടിപ്പിക്കുന്ന പഠനശിബിരങ്ങളും, ഗുരുകുല സന്ദർശന പദ്ധതികളും അവർ പരിചയപ്പെടുത്തി.

പരിപാടിയുടെ കോ-ഓർഡിനേറ്ററായ രാജീവ് ഭാസ്കർ , കെ.എച്ച്.എൻ.എയുടെ വേദ പഠനകളരി പുതിയ തലമുറയെ വൈദിക പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് പറഞ്ഞു. “വേദം” എന്നത് സാധാരണ അറിവല്ല,  പരമമായ അറിവാണ് . വേദമന്ത്രങ്ങൾ മാറ്റമില്ലാത്ത ശ്രുതികളാണെന്നും, വേദാംഗങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ ജ്ഞാനലോകത്തിലേക്കുള്ള പ്രവേശനമാണ് ഈ പഠനപരിപാടിയിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ആചാര്യസാന്നിധ്യത്തിൽ വേദങ്ങൾ അഭ്യസിക്കാനുള്ള അവസരം ലഭിക്കുന്നത് മഹത്തായ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജിയണൽ സെക്രട്ടറി  രേഖ രാജീവ്  നന്ദി രേഖപ്പെടുത്തി.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7:00 മണിക്ക് (Eastern Time)  ഓൺലൈനായി തുടർ ക്ലാസുകൾ നടക്കും. വടക്കേ അമേരിക്കയിലെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ പഠനപരിപാടി  പൂർണമായും സൗജന്യമാണ് . താൽപര്യമുള്ളവർ http://www.namaha.org വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ