ഒരു മനുഷ്യനെ,ഒരു വസ്തുവെ, ഒരു ജീവിയെ, ഒരു മരത്തെ… അങ്ങനെ എന്തിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കണമെങ്കിൽ അറിവ് വേണം. മനസ്സിലാക്കൽ എന്നത് അറിവും എന്തിനെയാണോ? നാം മനസ്സിലാക്കാൻ ശ്രമിക്കുന്നത് ആ വസ്തുവും തമ്മിലുള്ള ഇഴയടുപ്പവും ആഴത്തിലുള്ള നിരീക്ഷണവും, പഠനവും വിലയിരുത്തലും ഒക്കെ കൂടി കലർന്നതാണ്.
മനസ്സിലാക്കൽ എന്നത് ബുദ്ധിപരമായ പെരുമാറ്റത്തെ പിന്തുണക്കാൻ പര്യാപ്തമായ, ഒരു അറിവുള്ള വസ്തുവുമായി ബന്ധപ്പെട്ട കഴിവുകളെയും, സ്വഭാവങ്ങളെയും സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അറിവുള്ളവനും മനസ്സിലാക്കുന്ന ഒരു വസ്തുവും തമ്മിലുള്ള ബന്ധമാണ് . പഠന ആശയങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിലാക്കലും അറിവും ഏകീകൃത നിർവചനങ്ങൾ ഇല്ലാത്ത പദങ്ങളാണ്.
മനസ്സിലാക്കുക എന്നാൽ ഒരു കാര്യത്തെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടാവുക, ഒരു വസ്തുതയോ വിവരമോ ശരിയായി ഗ്രഹിച്ചെടുക്കുക, അതിൻ്റെ അന്ത:സത്ത ഉൾക്കൊള്ളുക, ഒരു കാര്യം ശരിയായി പഠിച്ച് അറിവ് നേടുക എന്നതൊക്കെയുമാണ്.
മനസ്സിലാക്കുക എന്നാൽ അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്.
ഒരു മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ, അവൻ്റെ മനസ്സു വായിക്കേണ്ട കാര്യമില്ല !അത് അസാധ്യവുമാണ്. അവൻ്റെ ഓരോ കാര്യങ്ങളോടുമുള്ള കാഴ്ചപ്പാടും, സമീപനരീതിയും, പ്രതികരണ മനോഭാവവും, സാഹചര്യങ്ങളെ നേരിടുന്ന മാനസികവും ശാരീരികവുമായ കാര്യപ്രാപ്തിയും,അവസ്ഥാന്തരങ്ങളുമായുള്ള യോജിപ്പും, വിയോജിപ്പുമൊക്കെ കണക്കിലെടുത്താണ്.
മനുഷ്യരായാലും മറ്റു ജീവജാലങ്ങൾ ആയാലും, പൊതുവായ ചില വസ്തുതകൾ നമ്മുടെ പഠനങ്ങൾക്ക് അടിസ്ഥാനമാക്കാവുന്നതായി ഉണ്ടെങ്കിലും, ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വിഭിന്നരാണ് എന്ന വസ്തുത നാം ആദ്യം ഉൾക്കൊള്ളുക.
മനുഷ്യരോട് സംവദിക്കുമ്പോൾ ആശയവിനിമയം സാധ്യമാകുന്നത് ഭാഷയുടെ അർത്ഥവും, വ്യാകരണവും സന്ദർഭവും അനുസരിച്ചാണ്.
മനസ്സിലാക്കുക എന്നാൽ ഒരു പരസ്പര വിശ്വാസം കൂടിയാണ്. അതൊരു കഴിവാണ്. നിശബ്ദവും, ഗഹനവും , സഹനവും, മൂകവുമായ പഠനവും, വിലയിരുത്തലും, അഴിച്ചു പണിയും, തിരുത്തലും കണ്ടെത്തലുമാണ്. എന്നാൽ പോലും ചിലപ്പോൾ നമ്മൾ പരാജയപ്പെട്ടേയ്ക്കാം. മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ കണക്കുകൂട്ടലുകൾക്ക് തെറ്റുകൾ പറ്റി പറ്റിയേക്കാം. നമ്മൾ അടിപതറിപ്പോയേക്കാം. സ്വാഭാവികം!
പരസ്പരം ആഴത്തിൽ മനസ്സിലാക്കാത്തത് കൊണ്ടാണ് പല കുടുംബബന്ധങ്ങളും ഇന്ന് തകരാറിലാവുന്നത്. പങ്കാളികൾക്കിടയിൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ആത്മഹത്യകൾ പെരുകുന്നത്. വിവാഹമോചനങ്ങൾ വർദ്ധിക്കുന്നത്. അപ്പോൾ അറിവ് നേടുക എന്നതല്ല. ശരിക്കും ആഴത്തിൽ അത് മനസ്സിലാക്കുക എന്നതാണ് പ്രധാനം.
മനസ്സിലാക്കുക എന്നാൽ അതി സൂക്ഷ്മമായ നോട്ടമാണ് ,കേൾവിയാണ്, ശ്രദ്ധയാണ്, സമയമാണ്, തിരിച്ചറിവാണ്, ക്ഷമയാണ്, ഇതിൽനിന്നൊക്കെ അരിച്ചു പെറുക്കി എടുത്ത് സ്വായത്തമാക്കി വയ്ക്കാനുള്ള നാഴികക്കല്ലുകളാണ്.
അടുത്തിടപഴകലുകളിലൂടെയും, പരിചരണങ്ങളിലൂടെയും, കേട്ടിരിക്കുന്നതിലൂടെയും, കണ്ടിരിക്കുന്നതിലൂടെയും,
പ്രതികരണങ്ങളിലൂടെയും, ഇടതടവില്ലാത്ത നിരീക്ഷണങ്ങളിലൂടെയും, അനുഭവസ്ഥരാകുമ്പോൾ നമുക്ക് ചെന്നെത്താൻ പറ്റും! മറ്റൊരു ജീവൻ്റെ മുക്കിനും, മൂലക്കും വരെ. അവരുടെ ചെയ്തികളെ നമുക്ക് പെട്ടെന്ന് വിലയിരുത്താൻ പറ്റും. അവരിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ പറ്റും. അവരുടെ ഹൃദയമിടിപ്പുകളുടെ താളങ്ങളറിയാൻ പറ്റും. നമുക്കും അവർക്കും ഒന്നാകാൻ പറ്റും. കണ്ണാടിയിൽ എന്നപോലെ മുഖം നോക്കാൻ പറ്റും. പരസ്പരം വായിച്ചെടുക്കാൻ പറ്റും. അന്യോന്യം സ്പടികം പോലെ തിളങ്ങാൻ പറ്റും. മരണം പോലും പരസ്പരം ഉൾവിളികളായി അന്യോന്യം ഉണർത്തും എന്നതാണ് ജ്ഞാനം. അതാണ് സത്യവും ശാസ്ത്രവും എന്ന് വിശ്വസിക്കുക.
സുതാര്യവും കടുപ്പമേറിയതുമായ നിറങ്ങളുടെ സങ്കലനം കൂടിയാണ് മറ്റൊരാളെ ശരിക്കും വായിച്ചെടുക്കുകയെന്നാൽ. ഒരു വിത്ത് മുളപൊട്ടി തളിർചൂടി കാലക്രമേണ ആകാശം മുട്ടുന്ന ഒരു മരമാകുന്ന പ്രക്രിയ. ഋതുക്കൾ പോലെ മിശ്രണം.
മനസ്സിലാക്കൽ ഒരിക്കലു ഒരു ചെറിയ കടമ്പയല്ല അത് എന്തിനെക്കുറിച്ചായാലും! അതൊരു സമർപ്പണബോധം കൂടിയാണ് എന്ന് ഓർമ്മപ്പെടുത്തുന്നു.
ഇനി ഇതിൽ നിന്നും നിങ്ങൾക്കെന്തു മനസ്സിലായി എന്നതാണ് എൻ്റെ ചോദ്യം?. എല്ലാവരും പ്രതികരണം രേഖപ്പെടുത്തുമല്ലോ?
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി,സ്നേഹം.



