ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം.

53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്.

വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. ഇത് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കാം എന്നാണ് നിഗമനം.

സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.
Gujarat Govt Helpline No. : 079-232-51900 & 9978405304
Ahmedabad Airport Helpline No. : 9974111327



