Monday, October 5, 2026
Homeഅമേരിക്കഹിജാബ് വിരുദ്ധതയുടെ കാണാപ്പുറങ്ങൾ (ലേഖനം) ✍ എം.തങ്കച്ചൻ ജോസഫ്

ഹിജാബ് വിരുദ്ധതയുടെ കാണാപ്പുറങ്ങൾ (ലേഖനം) ✍ എം.തങ്കച്ചൻ ജോസഫ്

അർത്ഥമില്ലാത്ത അനേകം മതാചാരങ്ങളും ദുരാചാരങ്ങളും തുടച്ചെറിഞ്ഞു കൊണ്ടാണ് നമ്മുടെ കൊച്ചു കേരളത്തിൽ മലയാളികൾ ഭാരതത്തിലെ ഏതൊരു സംസ്ഥാനങ്ങളെക്കാളും പ്രബുദ്ധരായി മാറിയിട്ടുള്ളത്.അതിന് കരുത്തും വെളിച്ചവുമായി തീർന്നിട്ടുള്ളത്, നമുക്ക് മുമ്പേ കടന്നുപോയ നമ്മുടെ നവോത്ഥാന നായകന്മാരുമാണ്. എന്നിരുന്നാലും കേരളത്തിലും കുറച്ചു കാലമായി സോഷ്യൽമീഡിയ,ഫേസ്ബുക്ക്,വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ തുറന്നാൽ മതവും മതാചാരങ്ങളും മത വേഷ ഭൂഷാധികളും,ഓരോ മതങ്ങളിലെ ദൈവങ്ങളും അവയുടെയൊക്കെ പ്രചണ്ഡ പ്രചാരണങ്ങളും കൊണ്ട് ആകെ മലീസമമായി എന്നു പറയേണ്ടിയിരിക്കുന്നു!.

കുടിവെള്ള പൈപ്പ് പൊട്ടിയതിൽ നിന്നും വരുന്ന മലിന ജലത്തെ ഗംഗാദേവിയുടെ അനുഗ്രഹമായി കരുതി അതു കുടിക്കുകയും അവിടെ പൂവിട്ട് പൂജിക്കുകയും തൊഴുകയും ചെയ്യുന്ന ഉത്തരേന്ത്യക്കാരെ കണ്ട് നമ്മൾ ചിരിക്കാറുണ്ട്, ഇപ്പൊ അവരെക്കാളും വലിയ മത ഭക്തിയും അതുവഴി മതഭ്രാന്തും നമുക്കും പിടിച്ചിരിക്കുന്നു.

ഒന്നും പ്രതികരിക്കേണ്ട എന്നു കരുതിയ ഒരു വിഷയമാണ് പള്ളുരുത്തി സെന്റ് റീത്താ സ്‌കൂളിൽ ഉണ്ടായ ഹിജാബ് വിവാദം. കാരണം അത്രയ്ക്ക് മോശപ്പെട്ട ഒരു വിഷയമാണ് അതെന്നു കൊണ്ടു തന്നെ, എന്നാൽ പരക്കെ ചർച്ചകളും വാദപ്രതിവാദങ്ങളും കാണുമ്പോൾ ചിലത് പറയാതെ വയ്യ. നമ്മൾ വളരെയധികം ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഞാൻ മുൻപ് സൂചിപ്പിച്ച പശ്ചാത്തലമനുസരിച്ച് കേരളത്തിലും വലിയൊരു വർഗീയ ലഹള അകലെയല്ല എന്നു മനസിലാക്കാം. വർഗ്ഗീയതയുടെ വേര് പിഴുത മണ്ണാണ് കേരത്തിന്റേതെന്നു ഞാൻ പറഞ്ഞുവല്ലോ, ഇവിടെ ഒരു തരത്തിലും അധികാരത്തിലേറാൻ കഴിയാത്ത വർഗീയ ശക്തികൾ പല രൂപത്തിൽ,പല ഭാവങ്ങളിൽ പല നാടകങ്ങൾ കേരളത്തിന്റെ ചുവന്ന മണ്ണിൽ കളിച്ചു നോക്കി, അതിലൊക്കെ അവർ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, വർഗീയ വാദികളോട് മലയാളികൾ വിളിച്ചു പറയുന്നു, അമ്പലത്തിലെ ഉത്സവങ്ങളും പള്ളികളിലെയും മോസ്കുകളിലെയും തിരുനാളുകളും മലയാളികൾക്ക് ഒരുപോലെയാണ്,ഞങ്ങളത് ഒന്നിച്ചാഘോഷിക്കുന്നു. വർഗീയ കോമരങ്ങൾ മാറി നിൽക്കട്ടെയെന്ന്. എന്നിരുന്നാലും വർഗീയ ശക്തികൾ അവരുടെ ചതുരംഗക്കളികൾ തുടർന്ന് കൊണ്ടിരുന്നു, അതിലൊന്നാണ് ശബരിമല സ്ത്രീ പ്രവേശനവും. സ്ത്രീകൾക്ക് ശബരിമലയിൽ കേറണമെന്നും പറഞ്ഞു സുപ്രീംകോടതിയിൽ പോയി അനുകൂല വിധി നേടിയവർ തന്നെ കേരളത്തിൽ വന്ന് എട്ടും പൊട്ടും തിരിയാത്ത പാവം വിശ്വാസികളെ തന്നെ ശബരിമലയിൽ സ്ത്രീകൾ കയറുന്നുണ്ടോ എന്നു നോക്കുവാൻ നിയോഗിച്ചു. കൂടാതെ തെരുവുകളിൽ, മുഖ്യമന്ത്രി ശ്രീ പിണറായിവിജയൻ അയ്യപ്പനെ എന്തോ ചെയ്യാൻ പോകുന്നു എന്ന മട്ടിൽ അദ്ദേഹത്തിനെതിരെ കുലസ്തീകളെ കൊണ്ട് തെറിവിളികളുംനടത്തി. അതിന്റെ പേരോ നാമജപഘോഷയാത്രയും.
ഏതായാലും അതും പൊളിഞ്ഞു പാളീസായി.

ഇപ്പോഴിതാ വർഗീയ വിഘടനവാദികൾ പുതിയൊരു കാർഡുമായി ഇറങ്ങി. അതാകട്ടെ ഹിജാബിന്റെ രൂപത്തിലാണ് വന്നതും, പിന്നിൽ കാസയെന്ന മറ്റൊരു വർഗീയവാദ സംഘടനയും. ഈ സംഘടനയുടെ ചരട് പിടിച്ചിരിക്കുന്നതാകട്ടെ ഇൻഡ്യയിലെ സംഘപരിവാർ സഘങ്ങളും. ശബരിമലയിൽ നാടകം കളിച്ച അതേ സഘങ്ങൾ തന്നെ. ക്രിസ്തീയ മതവിശ്വാസികളുടെ തലച്ചോറുകളിൽ നിരന്തരം ഇസ്ലാം വിരുദ്ധതയും വിദ്വേഷവും അടിച്ചേല്പിക്കുക എന്നതാണ് സംഘപരിവാരങ്ങൾ സൃഷ്ടിച്ചു വിട്ട ഈ കാസയെന്ന ഭൂതത്തിന്റെ പ്രധാന ജോലി.
എന്നു മുതലാണ് ശിരോവസ്ത്രമിട്ട കന്യാസ്ത്രീക്ക് ശിരോവസ്ത്രം ധരിച്ച മറ്റൊരു സ്ത്രീയോട് ഭയവും വെറുപ്പും തോന്നി തുടങ്ങിയത്? ഇവിടെ കാസ നന്നായി പ്രവർത്തിക്കുന്നു എന്നാണ് ഇതിന്റെയൊക്കെ അർത്ഥം, ഇതേ കാസക്ക് വേണ്ടിയുള്ള ഭാഷയാണ് പള്ളുരുത്തി സ്ക്ലൂൾ മാനേജ്‌മെന്റ് ഭാഗത്തു നിന്നും അവിടെത്തെ പി ടി എ പ്രസിഡിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്നാണ് മനസിലാകുന്നത്. പി ടി എ പ്രസിഡന്റ് ഒരു ചാനലിൽ പറയുന്നത് കേട്ടു, ഈ വിഷയം എല്ലായിടത്തും ചർച്ച യാകട്ടെ എന്ന്, എന്തിന്!? എവിടേക്കാണ് ഈ വാക്കുകൾ വിരൽ ചൂണ്ടുന്നത്!

മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ടു പഠിക്കാൻ വരുന്നതിൽ രാജ്യത്തെങ്ങും വിലക്കില്ല എന്നാണ് എനിക്ക് മനസിലാകുന്നത്, കാരണം അത് നമ്മുടെ ഭരണഘടനയപരമായ മതസ്വാതന്ത്ര്യത്തിന്റെയും മൗലിക അവകാശവുമായി അംഗീകരിച്ചു പോരുന്നു, തലയിൽ യൂണിഫോമിന്റെ അതേ നിറത്തിലുള്ള തട്ടം (ഹിജാബ് സ്ക്രാഫ് )ഇട്ടു പഠിക്കുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇവിടെയുണ്ട്. (ആകെ മൂടി മറയ്ക്കുന്ന ഫുൾ കിജാബ്‌ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിനെ ഞാനും അനുകൂലിക്കുന്നില്ല അത് നമ്മുടെ ഐഡൻറിറ്റിയെ മറച്ചു വെയ്ക്കുന്നു,) ഇനി മറ്റൊരു കാര്യം കുട്ടികൾ കോളേജിലായാലും സ്‌കൂളുകളിൽ ആയാലും യാതൊരു മത സിംബലുകളുമായി പോകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായത് എന്തെന്നാൽ അറിവിന്റെ വിത്തു വിതയ്ക്കുന്നിടത്ത് വേർതിരിവുകൾ ഇല്ലാതെ നമ്മുടെ കുട്ടികൾ വളരേണ്ടതുണ്ട്, മാതാപിതാക്കൾ അവരുടെ മതവും ജാതിയും മതാചാരങ്ങളും മറ്റ്‌ മത ചിഹ്നങ്ങളും കുട്ടികളിൽ അടിച്ചേല്പിച്ചു് സ്‌കൂളുകളിൽ വിടാതിരിക്കുവൻ ശ്രദ്ധിക്കുക, കുട്ടികൾ ഓരോ സ്വതന്ത്ര വ്യക്തിത്വങ്ങകൾ ആണെന്ന കാര്യം മറക്കാതിരിക്കുക.

ഇവിടെ പ്രശനം ഉണ്ടായപ്പോൾ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതുമാണ്, സ്ക്ലൂൾ യൂണിഫോം മറയ്ക്കാതെ യുള്ള തട്ടം ഇട്ടു കൊണ്ടു തന്നെ ആ കുട്ടിയ പഠിക്കാൻ അനുവദിക്കണം എന്ന്. അപ്പോൾ അവിടെത്തെ പ്രിസിപ്പലും അവരെ പിന്തുണയ്ക്കുന്ന കാസ അനുകൂലിയുമായ ഒരു വൈദികനും മന്ത്രിയോട് പറഞ്ഞത് ഭീഷണി ഇങ്ങോട്ട് വേണ്ട എന്ന അഹങ്കാരവും പരിഹാസവുമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന്റെ പ്രതിനിധിയാണ് വിദ്യാഭ്യാസ മന്ത്രി എന്ന കാര്യമാണ് അവർ മറന്നു പോയത്,അതിന്റെ കൊട്ട് അവർക്ക് ഹൈക്കോടതിയിൽ നിന്നും കിട്ടുകയും ചെയ്തു. വൈദികൻ ഒരു പടി കൂടി കടന്നു നിന്നാണ് മന്ത്രിയെ പരിഹസിച്ചത്, വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസം പോരാ എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.അതിന് പറയുന്ന ന്യായം ആ കുട്ടി അതുവരെ തട്ടമിടാതെ വന്നിട്ട് പെട്ടന്നൊരുന്നാൾ തട്ടവും ഇട്ട് സ്‌കൂളിൽ വന്നതിന്റെ ഉദ്ദേശം മന്ത്രിക്ക് മനസിലായില്ല എന്നാണ്.
മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ടു തുടങ്ങുന്നത് പ്രകൃതിപരമായി അവൾ സ്ത്രീ (ഋതുമതി) ആകുമ്പോഴോ,അല്ലെങ്കിൽ ശിരോവസ്ത്രത്തോടും അതിന്റെ ആചരണത്തോടും സ്വയം മതിപ്പും തിരിച്ചറിവും തോന്നുമ്പോഴാണെന്ന് ആ വൈദികന് മനസിലായില്ലന്ന് തോന്നുന്നു.
വിദ്യാഭ്യാസം മാത്രമുണ്ടായിട്ടു കാര്യമില്ലല്ലോ,വിവേകം കൂടി വേണം മനുഷ്യർക്ക്.

ഇവിടെ മറ്റൊരു കാര്യം കൂടി എടുത്തു പറയാതിരിക്കുവാൻ വയ്യ, ഈ വിഷയത്തിൽ സ്‌കൂൾ മാനേജിമെന്റിനെന്ന പോലെ കുട്ടിയുടെ രക്ഷിതാക്കൾക്കും ചില വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട്.കേവലം സ്‌കൂൾ മാനേജ്‌മെന്റും പി ടി എ ഭാരവാഹികളും രക്ഷിതാവും മാത്രമിരുന്നു സംസാരിച്ചു തീർക്കേണ്ട ഒരു വിഷയത്തെ ചില മത സാമുദായിക സംഘടങ്കൾക്കിട്ടു കൊടുക്കുകയും അതുവഴി മീഡിയകളിൽ ചർച്ചയാക്കുവൻ ഇടവരുത്തിയതും വലിയ വീഴ്ച്ച തന്നെയാണ്, കൂടാതെ ആ വിദ്യാഭ്യാസ സ്ഥാപനത്തിലെ നിബന്ധനകൾ അംഗീകരിച്ചു ഒപ്പിട്ടാണ് കുട്ടിയ സ്ക്ലൂളിൽ ചേർത്തതെങ്കിൽ ആ നിബന്ധനകൾ മാറ്റമില്ലാതെ തുടരുവാൻ കുട്ടിയും രക്ഷിതാക്കളും ബാധ്യസ്ഥരാണ്.

ഏതായാലും വിവാദം കെട്ടടങ്ങിയതിൽ ആശ്വാസമുണ്ടെങ്കിലും ഇനിയും ഇത്തരം കാര്യങ്ങളിൽ പൊതുസമൂഹം കരുതലെടുക്കേണ്ടതുണ്ട്.വർഗീയതയ്ക്ക് വളക്കൂറില്ലാത്ത മണ്ണിൽ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു പിടിക്കാമെന്നു കരുതുന്നവരെ ഇനിയും അകറ്റി നിർത്തുക,കാരണം നമുക്ക് നമ്മളെക്കാൾ വലുത് മതമല്ല,മനുഷ്യത്വമാണ്. പല വേഷത്തിലും നമ്മൾ ഒന്നാണ്,വൈവിധ്യങ്ങളെ ചേർത്തു പിടിക്കുന്നതാണ് ജനാതിപത്യവും.

എം.തങ്കച്ചൻ ജോസഫ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ