മലയാള ചലച്ചിത്രഗാനമേഖലയിൽ നിറസാന്നിധ്യമായിരുന്ന സംഗീത സംവിധായകൻ
ജോൺസൺൻ്റെ വേർപാടിന് ഒന്നര പതിറ്റാണ്ട് തികഞ്ഞു.
തൃശൂർ നെല്ലിക്കുന്ന് തട്ടിൽ ആൻ്റണിയുടേയും മേരിയുടേയും പുത്രനായി 1958 മാർച്ച് പതിനൊന്നിന് ജനിച്ച ആ പ്രതിഭയുടെ വേർപാട് അമ്പത്തി എട്ടാം വയസ്സിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സംഗീതാഭിരുചി പ്രകടിപ്പിച്ചിരുന്ന ജോൺസൺ സ്വന്തം ഇടവകയിലെ ഗാനപരിപാടികൾക്ക് സംഗീതോപകരണങ്ങൾ വായിച്ചു കൊണ്ട് കലാപാടവത്തിന് തുടക്കമിട്ടു.1968 ൽ കൂട്ടുകാരുമൊത്ത് വോയ്സ് ഓഫ് തൃശൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഒട്ടേറെ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞു.
പ്രശസ്തരായ ഗായകരുടെ സംഗീത പരിപാടികളുടെ മ്യൂസിക് കണ്ടക്ടറായും കീ ബോർഡ് ഹാർമോണിയം വാദകനായും ഒട്ടേറെ വേദികളിൽ ശ്രദ്ധേയനായി.തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. ജോൺസന്റെ കഴിവുകൾ മനസ്സിലാക്കിയ ഗായകൻ പി. ജയചന്ദ്രനാണ് ജി. ദേവരാജന് പരിചയപ്പെടുത്തിയത്..മൂന്നു ദശാബ്ദത്തോളം സംഗീത സംവിധാന രംഗത്തും പശ്ചാത്തല സംഗീതരംഗത്തും ഗാനാലാപന രംഗത്തും ശോഭിച്ചു നിൽക്കേ 2011 ആഗസ്റ്റ് 18 ന് ചെന്നൈയിലെ വീട്ടിൽ വച്ച് ആ അതുല്യപ്രതിഭയെ മരണം കവർന്നെടുത്തു.
ജോൺസൺൻ്റെ ‘ഭാര്യ റാണി യ്ക്ക് മക്കളുടെ വേർപാട് കൂടി കണേണ്ടി വന്നു. സോഫ്റ്റ്‌വേർ എഞ്ചിനീയറായിരുന്ന മകൻ റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു. സംഗീത സംവിധായകയും ഗായികയുമായിരുന്ന മകൾ ഷാൻ ജോൺസൺ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു.
ജോൺസൺ അനുസ്മരണ പരിപാടികളിൽ ഭർത്താവിൻ്റെയും മക്കളുടേയും ആർദ്ര സ്മരണകളുമായി റാണി ജോൺസൺന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
ചലച്ചിത്ര ഗാനാസ്വാദകർക്ക് ഇത്രയും പ്രിയപ്പെട്ട സംഗീത സംവിധായകർ വേറെ ഉണ്ടായിരുന്നോ എന്നത് സംശയമാണ്.. ജോൺസൺൻ്റെ ലാളിത്യമാർന്ന സംഗീത രീതി ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല എന്നു തന്നെ പറയാം.പല ഗാനങ്ങൾക്കും ലളിത ഗാന ശൈലിയിലാണ് സംഗീതം നൽകിയിട്ടുള്ളത്. കുന്നിമണിച്ചെപ്പു തുറന്നെന്നെ നോക്കും നേരം പോലെ വളരെ ലളിതമായ സംഗീതം. അദ്ദേഹത്തിൻ്റെ വേർപാട് മലയാള ചലച്ചിത്ര സംഗീതപ്രേമികൾക്ക് തീരാനഷ്ടം തന്നെയാണ് എന്ന് ഒന്നര ദശാബ്ദത്തിനിടയിലെ ചലച്ചിത്ര ഗാനങ്ങൾ കേൾക്കുമ്പോൾ നമുക്ക് ബോധ്യമാകും.
ജോൺസൻ്റെ സംഗീത ജീവിതത്തിൽ പദ്മരാജൻ ,ഭരതൻ,മോഹൻ ,സത്യൻ അന്തിക്കാട്,കമൽ എന്നിവരുടെ സിനിമകളിലാണ് ഏറ്റവും കൂടുതൽ സംഗീത സംവിധാനം നിർവഹിച്ചത്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നാലു ദശാബ്ദത്തോളം സംഗീത സംവിധാന രംഗത്തും പശ്ചാത്തല സംഗീതരംഗത്തും ഗാനാലാപന രംഗത്തും ശോഭിച്ചു.2011 ആഗസ്റ്റ് 18 ന് അദ്ദേഹത്തെ മരണം കവർന്നെടുത്തു. ഹൃദയാഘാതമായിരുന്നു അതിന് നിദാനമായത്.
ജോൺസൺൻ്റെ ഹൃദയഹാരിയായ ഗാനങ്ങളിലൂടെ
മറ്റെല്ലാ സംഗീതപ്രേമികളയും പോലെ തന്നെ ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകൻ ജോൺസൺ തന്നെയാണ്. പഴയകാലത്തെ സംഗീത പ്രേമികളുടെ ഗാനശേഖര കാസററുകളിൽ ജോൺസൺ മാഷുടേയും രവീന്ദ്രൻ മാഷിൻ്റേയും ഗാനങ്ങളായിരിക്കും ഏറ്റവും അധികം ഉണ്ടാകാറ്. സംഗീതത്തിന്റെ ബാലപാഠം പോലും അറിയാത്ത ഭൂരിഭാഗം വരുന്ന സിനിമാസംഗീത പ്രേമികളെ ശാസ്ത്രീയ സംഗീതത്തിന്റെ ബാലികേറാമലയിലേക്ക് കയറ്റിവിടാൻ ജോൺസൺ മാഷ് ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല. വളരെ ലളിതമായ ശൈലിയിൽ തന്നെയാണ് സംഗീതം നൽകിയത്. അതിൽ കുറച്ച് വേറിട്ടു നിൽക്കുന്നത് ദേവീ ആത്മരാഗമായി — തുടങ്ങി അപൂർവ്വം ഗാനങ്ങൾ മാത്രം.
കാറ്റത്തെ കിളിക്കൂട്ടിലെ ‘ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പീ’ —- എത്ര ഹൃദ്യമായ ഗാനമാണ് :ശോകഭാവം ആസ്വാദകരിൽ നിറയുന്നു. സസ്നേഹത്തിലെ ‘താനേ പൂവിട്ട മോഹം’ എന്ന ഗാനം ‘ആ ചിത്രത്തിന്റെ രംഗത്തിന് അനുയോജ്യവും പ്രേക്ഷകഹൃദയം ദു:ഖസാന്ദ്രമാകുയും ചെയ്യും. ‘അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ’ എന്ന അതിലളിതമായ ഗാനം ഒരു കുടക്കീഴിൽ എന്ന സിനിമ ഇറങ്ങിയ 84 കാലഘട്ടത്തിൽ അത്ര ശ്രദ്ധേയമായിരുന്നില്ല. TV യിൽ മലയാള പരിപാടികൾ കാര്യമായി ആരംഭിച്ചിട്ടില്ലാത്ത അക്കാലത്ത് ഈ ഗാനം ശ്രദ്ധേയമായിരുന്നില്ല. രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് ചാനലുകളിലെ സംഗീത പരിപാടികളിൽ കുട്ടികൾ പാടി ഹിറ്റ് ആക്കിയ ആ ഗാനം തരംഗിണിയുടെ ലളിതഗാനമാണെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത് ഗോളാന്തര വാർത്തയിലെ ‘ഇനിയൊന്നുപാടൂ ഹൃദയമേ ‘ എന്ന ലാളിത്യമാർന്ന ഗാനം എത്രകേട്ടാലും മതിവരില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ’പാതിരാ പുള്ളുണർന്നു’ എന്ന ഗാനം പല്ലവിയിലും അനുപല്ലവിയിലും ചരണത്തിലും വ്യത്യസ്ത രാഗഭാവങ്ങൾ കൊണ്ട് ആസ്വാദക ഹൃദയങ്ങൾ ഒട്ടേറെ നാൾ പാടി നടന്നതാണ്. ദേവകന്യക സൂര്യ തമ്പുരു മീട്ടുന്നു എന്ന ഗാനവും അതിമനോഹരം.യേശുദാസിന്റെ സംഗീത മാധുര്യം മുഴവൻ പ്രകടിപ്പിക്കാൻ കഴിഞ്ഞ ഗാനങ്ങൾ. ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃതബിന്ദു എന്ന ഗാനം ഹൃദയത്തിൽ തട്ടുന്ന വിധത്തിൽ യേശുദാസ് ആലപിച്ചത് ജോൺസൺ മാഷിൻ്റെ സംഗീത സംവിധാന മികവുകൊണ്ടു കൂടിയാണ്. കൈതപ്രത്തിൻ്റെ വരികളുടെ അർത്ഥതലങ്ങൾ എല്ലാം ആ സംഗീതത്തിലൂടെ നമ്മൾക്ക് സമ്മാനിച്ചു.
കുടുംബ സമേതം എന്ന സിനിമയിലെ നീലരാവിലിന്നു നിൻ്റെ താരഹാരമിളകീ എന്ന ഗാനം എത്രയെത്ര കേട്ടാലും മതിയാകില്ല അദ്ദേഹത്തിൻ്റെ ഗാനസംഗീത സവിശേഷത തന്നെ. സല്ലാപത്തിൽ യേശുദാസും ചിത്രയും കൂടി ആലപിച്ച പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം എന്ന ഗാനത്തെ എങ്ങനെ വർണ്ണിക്കും എന്ന് അറിയില്ല അത്രയും ഹൃദയഹാരിയാണ്. പക്ഷേയിലെ സൂര്യാംശു ഓരോ വയൽ പൂവിലും എന്ന കെ ജയകുമാറിൻ്റെ വരികൾക്ക് മോഹനരാഗത്തിൽ നൽകിയ സംഗീതവും എടുത്തു പറയേണ്ടതാണ്. അതുപോലെ ആവർത്തിച്ചു കേൾക്കുന്ന ഗാനമാണ് സമൂഹം എന്ന സിനിമയിലെ ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മൂന്നാഴിക്കനവ് എന്ന ഗാനം പല്ലവിലേക്കോൾ തേനൂറും ഭാവങ്ങൾ ചരണത്തിലാണ് ഉള്ളത്. പൂത്തു നിന്ന കടമ്പിലെ – എന്ന വരികൾ എങ്ങനെ വിവരിക്കും : ഗാനം ആസ്വദിക്കുന്നവർക്ക് അറിയാം ആ മധുരം. അതുപോലെ എടുത്തു പറയാൻ ഒട്ടേറെ ഗാനങ്ങൾ ഉണ്ട്.
അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളുടെ B G M അല്ലെങ്കിൽ ഒരു ബിറ്റ് കേട്ടാൽ ഏവർക്കും തിരിച്ചറിയാൻ കഴിയുന്ന കൈയൊപ്പ് എല്ലാ ഗാനങ്ങളിലും ഉണ്ട്.
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ക്ലാരയും ജയകൃഷ്ണനുമൊത്തുള്ള പ്രണയ രംഗങ്ങൾക്കും വിരഹരംഗങ്ങൾക്കും അതിതീവ്രമായ മറ്റു രംഗങ്ങൾക്കും പ്രത്യേക സന്ദർഭങ്ങളിൽ അകമ്പടിയായി വരുന്ന മഴയുടെ രാഗത്തിന്,താളത്തിന് ആരോഹണാവരോഹണങ്ങൾക്ക് തികച്ചും യോജിക്കുന്ന ഹൃദയത്തിൽ തട്ടുന്ന പശ്ചാത്തലസംഗീതം നിർവ്വഹിച്ച ജോൺസൺ മാഷുടെ സംഗീതവൈഭവം എടുത്തു പറയാതിരിക്കാൻ കഴിയില്ല. .മണിച്ചിത്രത്താഴിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ആകാംക്ഷ ജനിപ്പിക്കുന്ന ഒരോ രംഗങ്ങൾക്കും അനുയോജ്യമായ പശ്ചാത്തല സംഗീതം ആ ചിത്രം കണ്ടവർ ഒരിക്കലും മറക്കില്ല. ആ സിനിമയുടെ വിജയത്തിന് അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ചിത്രം 4Kഅറ്റ്മോസിൽ വന്നപ്പോഴാണ് ആ പശ്ചാത്തല സംഗീത മാന്ത്രികത പ്രേക്ഷകരായ ശ്രോതാക്കൾ കൂടുതൽ തിരിച്ചറിഞ്ഞത്.
ദശരഥം എന്ന സിനിമയിലെ വികാരതീവ്രമായ രംഗങ്ങൾക്ക് അമ്മ മകൻ ബന്ധത്തിൻ്റെ ആഴങ്ങൾക്ക് അച്ഛൻ്റെ വികാരവിചാരങ്ങൾക്ക് ജോൺസൺ മാഷ് നല്കിയ സംഗീതം എടുത്തു പറയേണ്ടത് തന്നെയാണ്.അമരം എന്ന ഭരതൻ ചിത്ര ത്തിലെ ഓരോ രംഗങ്ങൾക്കും വികാരവിചാരങ്ങൾക്കും സംഘർഷ രംഗങ്ങൾക്കും കടലിരമ്പലുകൾക്കും ക്ലൈമാക്സ് രംഗം വികാര തീവ്രമാക്കിയ ഹ മ്മിംഗ് പശ്ചാത്തല സംഗീതം ഒരിയ്ക്കലും മറക്കാൻ കഴിയില്ല’ വന്ദനം എന്ന സിനിമയിലെ പശ്ചാത്തല സംഗീതവും വളരെ ശ്രദ്ധേയമായിരുന്നു. ഗാനത്തിനിടയിലെ സംഗീത ഉപകരണത്തിൽ നിന്നും സൃഷ്ടിക്കുന്ന മണിയടി ശബ്ദം ജോൺസൺ മാഷുടെ മാത്രം ഹൈലൈറ്റ് ആണ്. ഓരോ ഗാനങ്ങൾക്കും ഏറ്റവും മനോഹരമായ ഹമ്മിങ് കൊടുക്കുന്ന അപൂർവ്വം സംഗീത സംവിധായകരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് ജോൺസൺ മാഷ് തന്നെയാണ്. ആധാരം എന്ന സിനിമയിലെ മഞ്ചാടിമണികൊണ്ട് മാണിക്യക്കുടം നിറഞ്ഞു എന്ന ഗാനത്തിൽ മനോഹരമായ വളരെ ആസ്വാദ്യകരമായ ഹമ്മിങ്ങ് ആണ് നല്കിയത്. സമൂഹം എന്ന സിനിമയിലെ തൂമഞ്ഞിൻ …എന്ന ഗാനത്തിലും ഇമ്പമാർന്ന ഹമ്മിങ്ങ് ഉണ്ട്.
പാർവ്വതി എന്ന സിനിമയിലെ നന്ദസുതാവര എന്ന ഗാനത്തിലൂടെയാണ് ജോൺസൺ ഏറെ ശ്രദ്ധിക്കപ്പെട്ടത്: കുറുനിരയോ എന്ന ഗാനവും അക്കാലത്ത് വലിയ ഹിറ്റ് ആയിരുന്നു’ .ഇതു ഞങ്ങളുടെ കഥയിലെ സ്വർണ്ണമുകിലേ എന്ന ഗാനത്തോടെയാണ് കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.ഏതോ ജന്മകല്പനയിൽ, പൊന്നുരുകും പൂക്കാലം ആടിവാകാറ്റേ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലെന്നോ ,മോഹം കൊണ്ടു ഞാൻ ദൂരെയേതോ എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധേയമായി. എന്റെ മൺ വീണയിൽ കൂടു കൂട്ടാനൊരു, പൂ വേണം പൂപ്പട വേണം പൂമകൾ വേണം, മെല്ലെ മെല്ലെ മുഖപടം, കുന്നിമണി ചെപ്പു തുറന്നെന്നെ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ?’കണ്ണീർപൂവിന്റെ കവിളിൽ തലോടി, പളളിത്തേരുണ്ടോ, തങ്കത്തോണി (മഴവിൽക്കാവടി)ദൂരെ ദൂരെ സാഗരം തേടി (വരവേൽപ്പ്) പൂത്താലം വലം കയ്യിലേന്തി (കളിക്കളം) കണ്ണാടിക്കയ്യിൽ കല്യാണം കണ്ടോ പാതിമെയ് മറഞ്ഞതെന്തേ(പാവം പാവം രാജകുമാരൻ,) മിഴിയിലെന്തേ നാണം ( ശുഭയാത്ര)നീല രാവിലിന്നു നിന്റെ താരഹാരമിളകീ, ഊഞ്ഞാലുറങ്ങി (കുടംബ സമേതം) എന്നീ ഗാനങ്ങൾ 90 കാലഘട്ടത്തിൽ ഗാനാസ്വാദകരുടെ മനം കവർന്നവയാണ്.രാജഹംസമേ (ചമയം)മധുരം ജീവാമൃതബിന്ദു, പാതിരാ പാൽക്കടവിൽ (ചെങ്കോൽ) ഇനിയൊന്നുപാടു ഹൃദയമേ (ഗോളാന്തരവാർത്ത ) വെണ്ണിലാവോ ചന്ദനമോ (പിൻഗാമി)വെള്ളിത്തിങ്കൾ പൂങ്കിണ്ണം(മേലേപ്പറമ്പിൽ ആൺവീട് ) തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മൂന്നാഴിക്കനവ് ( സമൂഹം ) സൂര്യാംശു ഏതോ വയൽ പൂവിലും ,മൂവന്തിയായ് (പക്ഷേ )കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ, ദേവകന്യക സൂര്യതംബുരു മീട്ടുന്നു(ഈ പുഴയും കടന്ന്) ചന്ദനച്ചോലയിൽ, പഞ്ചവർണ്ണപ്പെങ്കിളിപ്പെണ്ണേ ( സല്ലാപം) ആദ്യമായ് കണ്ട നാൾ ,പാർവ്വതീ മനോഹരീ, സിന്ദൂരം പെയ്തിറങ്ങി(തൂവൽ കൊട്ടാരം)എത്ര നേരമായ് (ഇരട്ട കുട്ടികളുടെ അച്ഛൻ ) അണിവൈരക്കല്ലുമാല (കുടമാറ്റം) ചൈത്രനിലാവിന്റെ (ഒരാൾ മാത്രം) കവിളിലൊരോമൽ (സ്വയംവരപന്തൽ) തുടങ്ങി ഏറ്റവും നല്ല ഗാനങ്ങൾ സൃഷ്ടിച്ചത് 2000 വരെ യുള്ള കാലഘട്ടത്തിലാണ്. എന്തേ കണ്ണനിത്ര കറുപ്പു നിറം ഫോട്ടോഗ്രാഫറിലെ ഗാനം ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംഗീതം കൊടുത്തതാണ്.
പൊന്നിൽ കുളിച്ചു നിന്ന ആ ‘ ചന്ദ്രികാ വസന്തം മലയാളികൾക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. മഞ്ചാടിമണി കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ മാണിക്യച്ചെപ്പ് നിറച്ച് കണ്ണീർപൂവിന്റെ കവിളിൽ തലോടി പാലപ്പൂവിന്റെ ഗന്ധർവ്വ ലോകത്തേക്ക് പോയ ആ സംഗീത ചക്രവർത്തിക്ക് പ്രണാമം.



