Wednesday, June 17, 2026
Homeഅമേരിക്കആശയങ്ങളുടെ പ്രകാശത്തിൽ മനുഷ്യന്റെ ഉയർച്ച.. (ലേഖനം) ✍️ സിജു ജേക്കബ്

ആശയങ്ങളുടെ പ്രകാശത്തിൽ മനുഷ്യന്റെ ഉയർച്ച.. (ലേഖനം) ✍️ സിജു ജേക്കബ്

“വലിയ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു; ശരാശരി മനസ്സുകൾ സംഭവങ്ങൾ ചർച്ച ചെയ്യുന്നു; ചെറിയ മനസ്സുകൾ ആളുകളെ ചർച്ച ചെയ്യുന്നു.”
കാലത്തിന്റെ നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ശക്തി നഷ്ടപ്പെടാത്ത ഒരു ജ്ഞാനവാക്യമാണ് ഇത്. കാരണം ഇതിന്റെ സത്യം മനുഷ്യന്റെ ബൗദ്ധിക വളർച്ചയെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

ആൾക്കാരെക്കുറിച്ചുള്ള ചര്‍ച്ചകൾക്ക് ഒരു താൽക്കാലിക രസം ഉണ്ടാകാം; സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾക്ക് ഒരു വിവരമൂല്യവുമുണ്ട്.
പക്ഷേ ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ ചിന്തയുടെ വിത്തുകളെ പരസ്പരം തുറന്നു വെച്ച് വളർത്തുന്ന സംഭാഷണങ്ങൾ മനുഷ്യന്റെ മനസ്സിനെ ഉയർത്തുകയും സമൂഹത്തിന്റെ പാത മാറ്റുകയും ചെയ്യുന്നു.

ആശയങ്ങളിൽ നിന്നാണ് നവോത്ഥാനം ഉദിക്കുന്നത്. ഒരു നല്ല ആശയം കഴിഞ്ഞതിനെ ചോദ്യം ചെയ്യാനും വരാനിരിക്കുന്നതിനെ രൂപപ്പെടുത്താനും കഴിവുള്ളതാണ്. ആശയങ്ങൾ ഉയിർക്കുന്നിടത്ത് അഭിപ്രായവ്യത്യാസമുണ്ടായാലും വൈരാഗ്യമില്ല; വാദത്തിന്റെ ചൂടുണ്ടായാലും ഹൃദയങ്ങൾ തമ്മിലുള്ള ദൂരമില്ല—കാരണം അവിടെ ജയിക്കേണ്ടത് വ്യക്തിയല്ല, ചിന്തയാണ്.

ആശയങ്ങൾക്കൊപ്പമുള്ള ഒരു സമൂഹം നിർമ്മിക്കുന്നവർ, ഭാവിയെ രൂപപ്പെടുത്തുന്നവരാണ്. ആശയങ്ങൾ പങ്കുവെക്കുകയും കേൾക്കുകയും ചെയ്യുന്നത് തന്നെയാണ് മനസിന്റെ മഹത്വം. അതിനാൽ, നാം ആളുകളേക്കാൾ ചിന്തകളെ ഉയർത്തിപ്പിടിക്കേണ്ടത് സമൂഹത്തിന്റെ നീണ്ടകാല നന്മയ്ക്കായിട്ടാണ്.

പ്രവാസി ജീവിതത്തിലെ ഒരു ആധുനിക വ്യതിചലനം

അടുത്ത കാലത്ത് പ്രവാസികൾക്കിടയിൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു പ്രവണതയുണ്ട്—ആൾചർച്ചയുടെ അടിമപ്പെടൽ.
നാട്ടിനകത്തോ പുറത്തോ, ജീവിതപോർാട്ടങ്ങളുടെ നടുവിൽ നിൽക്കുന്ന മനുഷ്യർ തമ്മിൽ ആശയങ്ങൾ പങ്കുവെച്ച് ഒരുമിച്ചു ശക്തരാകേണ്ടിടത്ത്, ചെറിയ കൂട്ടായ്മകൾ പലപ്പോഴും വഴുതി വീഴുന്നത് വ്യക്തികളെക്കുറിച്ചുള്ള തുച്ഛമായ ചർച്ചകളിലേക്കാണ്.

അവർക്കറിയാത്ത, അവരുമായിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത, അവരുടെ ജീവിതപ്പാതയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെക്കുറിച്ചുള്ള ചർച്ചകൾ—അതിൽ ഒരു രസം തോന്നാം, പക്ഷേ അതിൽ നിന്നും ഒരാൾക്കും ഉയർച്ചയില്ല.

പ്രവാസജീവിതം തന്നെയാണ് വലിയൊരു പോരാട്ടം; കഠിനാധ്വാനത്തിന്റെ ഭാരം, ഒറ്റപ്പെട്ടതിന്റെ നിശബ്ദത, സ്വന്തം നാട്ടിലേക്കുള്ള ആകാംക്ഷ ഇവയുടെ നടുവിൽ മനുഷ്യൻ കൂട്ടായ്മയിൽ ആശ്വാസവും പ്രചോദനവും തേടുന്നു. പക്ഷേ ആ കൂട്ടായ്മ വ്യക്തി ചർച്ചകളുടെയും പൊങ്ങച്ചങ്ങളുടെയും വേദിയാകുമ്പോൾ, അതും ഒരു വ്യാജമൂല്യമുള്ള രസം മാത്രമാകും.

വഴി തെറ്റുന്നത് ഇവിടെ തന്നെയാണ്:
ചിന്തകളുടെ വേദി പരദൂഷണങ്ങളുടെ വേദിയാകുമ്പോൾ, കൂട്ടായ്മ ഉയരുകയല്ല, ഇടിയുക മാത്രമാണ്.

മനുഷ്യൻ തന്റെ സമയം, ഊർജം, മാനസിക ശക്തി എല്ലാം“ആർക്കെങ്കിലും എന്ത് ചെയ്തു?”, “ആർക്കെങ്കിലുമെന്ത് തെറ്റായി?” എന്നതിലേക്കാണ് ഒഴുക്കുന്നത്, “നമ്മൾ എന്ത് സൃഷ്ടിക്കാം?”, “നമ്മൾ ഒരുമിച്ച് എങ്ങനെ വളരാം?” എന്നതിലേക്കല്ല.

അതാണ് ആശങ്കപ്പെടുത്തുന്നത്.

വ്യക്തികളെ ചര്‍ച്ച ചെയ്യുന്നത് വ്യക്തികളെ ചെറുതാക്കുന്നു;
ആശയങ്ങളെ ചര്‍ച്ച ചെയ്യുന്നത് സമൂഹത്തെ വലിയതാക്കുന്നു.

എന്റെ കാഴ്ചപ്പാടിൽ

നമ്മുക്ക് സംഭവങ്ങളും ആളുകളും വിമർശനവും താൽക്കാലിക രസവും മാറ്റിവെക്കാം. നമ്മുക്ക് ഉയർത്തിക്കൊള്ളാം നല്ല ആശയങ്ങൾ
ഒരാൾക്കും വേദനയുണ്ടാക്കാതെ, എല്ലാവർക്കും വഴികൾ തുറക്കുന്ന
ഒരാളുടെ മനസ്സിനെ മാത്രം അല്ല, ഒരു സമൂഹത്തിന്റെ ബോധത്തെ മാറ്റിമറിക്കുന്ന
ചിന്തയുടെ പ്രഭയിൽ നിൽക്കുന്ന ആശയങ്ങൾ.

നമ്മുക്ക് ആശയങ്ങളെക്കുറിച്ച് സംസാരിക്കാം
അവയാണ് ഭാവിയെ തീർക്കുന്ന തീപ്പൊരി.

സ്നേഹാദരങ്ങളോട്..

സിജു ജേക്കബ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com