Tuesday, November 17, 2026
Homeഇന്ത്യപാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജന് സുപ്രിംകോടതിയുടെ നോട്ടീസ്.

പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജന് സുപ്രിംകോടതിയുടെ നോട്ടീസ്.

ന്യൂഡൽഹി: പാലത്തായി പോക്സോ കേസിൽ പ്രതി കെ. പത്മരാജന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണ്ണായക ഇടപെടൽ. പ്രതിക്ക് പുറമെ സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അതിജീവിതയുടെ അമ്മയുടെ ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിനൊപ്പം അമ്മയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാരും നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ പരിശോധിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്.

തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് പിന്നീട് ഹൈക്കോടതി മരവിപ്പിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും, ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കൂടാതെ, 600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ പാലത്തായിയിലെ പത്തുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പരാതി നൽകിയത്. തുടർന്ന് പോക്സോ ചുമത്തി കേസെടുക്കുകയും ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാല് സംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടയിൽ ക്രൈംബ്രാഞ്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ