Wednesday, November 18, 2026
Homeകേരളംതനത് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 20 വരെ നീട്ടി

തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 20 വരെ നീട്ടി

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 20 വരെ നീട്ടി. വകുപ്പ് മന്ത്രി കെഎ തുളസിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2026 നവംബർ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

നവംബർ 14, 15 തീയതികൾ യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയിരുന്നതിനാൽ രേഖകൾ ശേഖരിച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിന് അപേക്ഷകർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. സമയപരിധി ദീർഘിപ്പിക്കണമെന്ന വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കൂടുതൽ അർഹരായവർക്ക് അവസരം ലഭ്യമാക്കുന്നതിനായി തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.

അർഹരായ അപേക്ഷകർക്ക് നവംബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരള സർക്കാരിന്റെ പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പുതിയ ഭവന നിർമ്മാണ പദ്ധതിയാണ് തനത് ഭവനപദ്ധതി. ലൈഫ് മിഷനിൽ നിന്ന് വ്യത്യസ്തമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയല്ലാതെ വകുപ്പ് നേരിട്ടാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും ധനസഹായം നൽകുന്നതും.

പട്ടികജാതി വിഭാഗത്തിന് വീട് നിർമ്മിക്കുന്നതിനായി 6 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. നാല് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന് ഒറ്റപ്പെട്ട ഇടങ്ങളിൽ വീട് വയ്ക്കുന്നവർക്ക് 6 ലക്ഷം രൂപ വരെയും, സങ്കേതങ്ങൾക്കുള്ളിലോ ചേർന്നുകിടക്കുന്ന ഇടങ്ങളിലോ വീട് നിർമ്മിക്കുന്നവർക്ക് ഉയർന്ന നിരക്കിലും ധനസഹായം ലഭിക്കും. നിർമ്മിക്കുന്ന വീടിന് കുറഞ്ഞത് 500 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടായിരിക്കണം.

അപേക്ഷകർ കേരളത്തിലെ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബമായിരിക്കണം. പട്ടികജാതി വിഭാഗത്തിന് കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽ 1 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കും മുൻഗണന ലഭിക്കും. അപേക്ഷകന്റെയോ ജീവിതപങ്കാളിയുടെയോ പേരിൽ വീട് നിർമ്മിക്കാൻ അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം.

ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് 2 സെന്റും, നഗരപ്രദേശങ്ങളിൽ 1.5 സെന്റും ഭൂമി വേണം. 70 വയസ്സിന് താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും

2026 – 27 വർഷത്തേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 20 വൈകിട്ട് 5 മണി വരെയാണ്. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നേരിട്ടും, വകുപ്പിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയും അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, ഭൂമിയുടെ രേഖകൾ എന്നിവ സമർപ്പിക്കണം. (സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നവർക്കും അവസാന തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാം;

പരിശോധനാ വേളയിൽ രേഖകൾ ഹാജരാക്കാൻ ഒരാഴ്ച കൂടി സാവകാശം ലഭിക്കും). കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും കേരള പട്ടികജാതി വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ അടുത്തുള്ള വികസന ഓഫീസോ സന്ദർശിക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ