കൊച്ചി: സംസ്ഥാന സർക്കാർ ‘ജീവ-സുയാത്ര മിഷൻ’ (Jeeva-Suyathra Mission) എന്ന പേരിൽ പുതിയ റോഡ് സുരക്ഷാ പദ്ധതി ആരംഭിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഗതാഗത നിയമങ്ങൾ പോലീസ് കൂടുതൽ കർശനമാക്കുന്നു. അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ഈ പദ്ധതി
ഏറെ തിരക്കുള്ള കൊച്ചി നഗരപരിധിയിൽ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായി പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക്കും. പട്രോളിങ് ശക്തമാക്കുന്നതിനൊപ്പം അപ്രതീക്ഷിത പരിശോധനകളും നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തുടർച്ചയായുണ്ടാകുന്ന വലിയ അപകടങ്ങളും നിരത്തുകളിലെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികളും വർധിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.
സമഗ്രമായ നിരീക്ഷണം ഇതിനകം തന്നെ നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി പറഞ്ഞു. “കൃത്യസമയത്ത് ആരംഭിച്ച പുതിയ ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷണം കൂടുതൽ ശക്തമാക്കും. പ്രത്യേക സംഘങ്ങളെ രൂപീകരിക്കുന്നതിനൊപ്പം റോഡുകളിൽ അപ്രതീക്ഷിത പരിശോധനകളും കർശനമാക്കും. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള ശുപാർശകൾ കൃത്യമായി പിന്തുടരും, ലൈസൻസുകളുടെ സാധുത പരിശോധിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും” – എന്ന് ആർ നിശാന്തിനി പറഞ്ഞു.
ഈ ദൗത്യം ആരംഭിച്ചതും ഗതാഗത നിയമലംഘകരെ സംരക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ ഉറപ്പും പോലീസിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള പ്രത്യേക പരിശോധനകൾ ഉൾപ്പെടെ ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടികൾ പോലീസ് തുടരുമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ അറിയിച്ചു.
റോഡ് സുരക്ഷാ ദൗത്യം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച രാത്രി നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചി സിറ്റി പോലീസ് 160 കേസുകൾ രജിസ്റ്റർ ചെയ്തു. അതേസമയം, നിയമനടപടികൾ കർശനമാക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ മാറ്റം വരുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒറ്റരാത്രികൊണ്ട് അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ ഗതാഗത സംസ്കാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘകാല പദ്ധതിയാണ് ഈ പുതിയ ദൗത്യം എന്ന് ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ദൗത്യത്തിന്റെ ഭാഗമായി പുറത്തിറക്കിയ റോഡ് സുരക്ഷാ കൈപ്പുസ്തകം ഉപയോഗിച്ച് ഗ്രാമതലത്തിൽ വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും പരിശീലനം നൽകാൻ വകുപ്പ് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



