Thursday, November 5, 2026
Homeകേരളംഎല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ.

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ.

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍. സമരം നടത്തുന്ന ഉദ്യോഗാർഥികൾ കൂട്ട നിരാഹാരം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികളും പൊലീസുമായി വാക്കേറ്റമുണ്ടായി. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ നിന്നു പിരിഞ്ഞുപോകാന്‍ സമരക്കാര്‍ തയ്യാറാവാത്തതും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരും എത്തിയതും വലിയ സംഘര്‍ഷത്തിലേക്ക് വഴിവച്ചു.

സമരപന്തലിലിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയായിരുന്നു ഒന്നാം പ്രതി. സെക്രട്ടറിയേറ്റ് ഗേറ്റിന്റെ മുന്‍ഭാഗത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്ഐആറില്‍ ആരോപിക്കുന്നത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്‍കിയ അധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാധ്യത വരുത്തില്ലേ എന്നും സമരക്കാര്‍ വിമര്‍ശിച്ചിരുന്നു.
2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വളര്‍മതി തലമണ്ഠനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ