കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിതല. കേസിൽ കുടുംബം ആവശ്യപ്പെടുന്ന വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമാണെന്നും ആഭ്യന്തരമന്ത്രി ജയ ബാലകൃഷ്ണൻ്റെ മകൾ ഭദ്രയ്ക്ക് ഉറപ്പു നൽകി. അതേസമയം അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ്, ഗുരുതരമല്ലന്നും, തെറ്റ് തിരുത്തി നൽകിയിട്ടുണ്ടന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകും. പതിനേഴുകാരന് ജാമ്യം കൊടുത്തതിനെതിരെ പൊലീസ് ജില്ലാ കോടതിയിൽ പോയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ പോകും. നീതി ഉറപ്പുവരുത്താൻ നിലകൊള്ളുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ‘ജഡ്ജിയാണെങ്കിലും സാധാരണക്കാരനാണെങ്കിലും നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണ്’, മന്ത്രി കൂട്ടിചേർത്തു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നാണ് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്ര പ്രതികരിച്ചത്. ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് ചെന്നിതല മുന്നറിയിപ്പ് നൽകി. ‘മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. ആരും പരാതി പറയരുത്, എല്ലാവരും പൊലീസുമായി സഹകരിക്കണം’, ആഭ്യന്തരമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകൻ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.



