Thursday, October 22, 2026
Homeകേരളംകുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ.

കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ.

തിരുവനന്തപുരം: എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അടിയന്തരമായി പരിശോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. നിലവിലുള്ള മരുന്ന് മാറ്റി നൽകുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എസ്എംഎ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കില്ല. ജനിതക രോഗമാണ്. എന്നാൽ മരുന്നുകൾകൊണ്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.

പഴയ മരുന്നുകൾ കുട്ടികളിൽ നല്ല മാറ്റം കാണിക്കുമ്പോൾ തന്നെ പുതിയ മരുന്നുകൾ കുറിച്ചതാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നതെന്നും ശൈലജ പറഞ്ഞു. മട്ടന്നൂരിൽ എസ്എംഎ ബാധിച്ച ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കൾ വിളിച്ചിരുന്നു. എസ്എംഎ ബാധിതരായ കുട്ടികൾക്ക് റൂഷ് എന്ന കമ്പനിയുടെ മരുന്നാണ് നേരത്തെ നൽകിയിരുന്നത്. കിടപ്പിലായിരുന്ന കുട്ടികൾ കുറച്ച് എഴുന്നേറ്റ് നടക്കാൻ ഒക്കെ തുടങ്ങി.

ഒന്ന് രണ്ട് മാസമായി ആ മരുന്ന് മാറ്റി നൽകാനാണ് സർക്കാർ പറഞ്ഞത്. ആ മരുന്ന് ഞങ്ങൾക്ക് ഭയമാണ്, നേരത്തെ കഴിച്ചിരുന്ന മരുന്ന് കഴിക്കുമ്പോൾ കുട്ടികൾക്ക് നല്ല വ്യത്യാസമുണ്ട് എന്ന് പറഞ്ഞാണ് രക്ഷിതാക്കൾ വിളിച്ചത്.ടെസ്റ്റിങ്ങിലുള്ള സാമ്പിൾ ബോട്ടിലടക്കം രോഗികൾക്ക് നൽകിയതായി പറയുന്നു. അങ്ങനെയെങ്കിൽ അത് ഗുരുതരമായ സാഹചര്യമാണ്. വളരെ അപകടകരമാണ്.

12 വയസുവരെയുള്ള കുട്ടികളിൽ ഈ മരുന്ന് പരീക്ഷണം നടത്താൻ പാടില്ല. ജൂലൈയിലാണ് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവ് ഇറങ്ങിയത്. പുതിയ മരുന്നിനെക്കുറിച്ച് അറിയില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. കുഞ്ഞുമക്കളുടെ ജീവന്റെ കാര്യമാണ്. അത് അടിയന്തരമായി പരിശോധിക്കണം. അതിൽ ഇടപെടണം. ഉദ്യോഗസ്ഥർ മാത്രം തീരുമാനിക്കും എന്ന് പറഞ്ഞ് മന്ത്രിക്ക് മാറിനിൽക്കാൻ കഴിയില്ല.

പണം കുറച്ച് തരുന്നു എന്നതുകൊണ്ട് എല്ലാ മരുന്നുകളും വാങ്ങാൻ കഴിയില്ല. അവയുടെ ഗുണനിലവാരവും പാർശ്വഫലങ്ങളും മനസിലാക്കണം. കമ്പനികളുടെ ഉദ്ദേശ്യമെന്തെന്ന് തിരിച്ചറിയണം. ചില കമ്പനികൾ അവരുടെ ചെലവാകാത്ത മരുന്നുകൾ വിറ്റഴിക്കാൻ വിലകുറച്ച് തരും. അത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ കെ ശൈലജ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആരോഗ്യ മേഖലയിലെ സമഗ്രമാറ്റം ലക്ഷ്യമാക്കി ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രി ഉടമകൾ, ലാബ് ഉടമകൾ എന്നിവരൊക്കെയാണ് 16 അംഗ സമിതിയിൽ ഉള്ളത്. ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്ന ഈ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വലിയ ആശങ്കയുണ്ടായി. പ്രഗത്ഭരായ ചില ആളുകൾ ടാസ്ക് ഫോഴ്സിലുണ്ട്. കൂടാതെ, ഉത്തർപ്രദേശിൽ ചീഫ് സെക്രട്ടറിയായിരിക്കെ അഴിമതി ആരോപണം നേരിട്ട് സ്ഥാനത്ത് നിന്ന് നീക്കിയ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും സമിതിയിലുൾപ്പെട്ടിട്ടുണ്ട്.

അത്തരത്തിലുള്ള ആളുകളെ ആരോഗ്യരംഗത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കുന്നത് ശരിയല്ല.കേരളത്തിന് വളരെ ശക്തമായ പൊതുജനാരോഗ്യ ശൃംഖലയുണ്ട്. കഴിവുറ്റ ആരോഗ്യവിദഗ്ധന്മാർ കേരളത്തിലുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്താം. ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാൻ സ്വകാര്യ വ്യക്തികളെ ഏൽപ്പിക്കുന്നതുകൊണ്ട് എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ